കൊച്ചി: തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും വെളിപ്പെടെഉത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാക്കൾ. സ്വന്തമായി ഒരു വീട് പോലും ഇല്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക്, ആകെയുള്ളത് 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളുമാണ്. 2019ലെ രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലത്തിലെ കണക്കുകൾ സൂചിപ്പിച്ച് കൊണ്ട് രാഹുലിന് മറുപടി നൽകിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇത്രയൊക്കെ ഉണ്ടായിട്ടും നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായി നിൽക്കുകയാണ് രാഹുൽ ഗാന്ധിയെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.
‘അതാണ് രാഹുൽ ഗാന്ധിജി. നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പ്രതീകം. 2019ലെ സത്യവാങ്മൂല പ്രകാരം ഗാന്ധിജിക്ക് സ്വന്തമായുള്ളത് വെറും 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളും. സഹോദരിക്കൊപ്പം ഉടമസ്ഥതയുള്ള കൃഷിഭൂമിയുടെ മതിപ്പ് വില വെറും 1.3 കോടി രൂപ. പിന്നീടുള്ളത് വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഏതാനും കെട്ടിടങ്ങൾ മാത്രം. വെറും 8.7 കോടി രൂപ വിലമതിക്കുന്നത്. എല്ലാം കൂടി നോക്കിയാലും ആകെമൊത്തം ടോട്ടൽ ഏതാണ്ട് 16 കോടി രൂപ മാത്രം വില വരുന്ന തുച്ഛമായ ആസ്തികൾ. പാവം ഗാന്ധിജിക്ക് ഇന്നും സ്വന്തമായി ഒരു വീടില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി, വയനാട്ടിൽ നാലു ലക്ഷം രൂപയുടെ അടച്ചുറപ്പുള്ള ഒരു കുഞ്ഞു വീട് ഗാന്ധിജിക്കു നിർമ്മിച്ചു നൽകണമെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് താഴ്മയായി അപേക്ഷിക്കുന്നു’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
’ഇപ്പോഴെനിക്ക് 52 വയസ്സായി, സ്വന്തമായി ഒരു വീടുപോലും ഇല്ല. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാന്‍ തുഗ്ലക് ലെയ്നിലെ 12-ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്നു. പക്ഷേ ആ വീട് എന്റേതല്ല’ ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇതിനെയാണ് കേന്ദ്ര-സംസ്ഥാന ബി.ജെ.പി നേതാക്കൾ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments