ന്യൂഡൽഹി: വിദേശ ആക്രമണകാരികൾ മാറ്റിയ ചരിത്രപരവും സാംസ്കാരികവും മതപരവുമായ സ്ഥലങ്ങളുടെ യഥാർത്ഥ പേരുകൾ കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് ‘പേരുമാറ്റൽ കമ്മീഷൻ’ രൂപീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്.
ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണെന്നും, ഇത് ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
‘ഹിന്ദുത്വം ഒരു മതമല്ല, ഒരു ജീവിതരീതിയാണ്… ഹിന്ദുയിസം ഒരു ജീവിതരീതിയാണ്, ഹിന്ദുമതത്തിൽ മതാന്ധതയില്ല. ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമം. ഹിന്ദു സംസ്കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹർജിക്കാരൻ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലിൽ കഴിയാനാകില്ല. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുത്’, കോടതി വിമർശിച്ചു.
Post Your Comments