KeralaLatest NewsNews

ലൈഫ് മിഷൻ തട്ടിപ്പിലെ പണം പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാവങ്ങൾക്ക് വീട് വെക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സർക്കാർ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയിൽ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: പ്ലസ്ടുവിന് മികച്ച കരിയർ ഗോൾ സെറ്റ് ചെയ്യാം, ജോലി സാധ്യതകൾ ഉള്ള പുത്തൻ കോഴ്സുകളെ കുറിച്ച് അറിയൂ

ഹിന്ദുസംഘടനകളും മുസ്ലിം സംഘടനകളും തമ്മിൽ ചർച്ച ചെയ്യുന്നതിനെ എന്തിനാണ് സിപിഎം ഭയക്കുന്നത്. മതതീവ്രവാദികളുടെ വോട്ട് പിടിക്കാനുള്ള സിപിഎമ്മിന്റെ താത്പര്യമാണ് ചർച്ചക്കെതിരായ വിറളിയിലൂടെ പുറത്ത് വരുന്നത്. എം വി ഗോവിന്ദന്റെ പ്രതിരോധ ജാഥ എന്നത് അനുയോജ്യമായ പേര് തന്നെയാണ്. അഴിമതികൾ, ജനദ്രോഹനയങ്ങൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനുള്ള ജാഥയാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനം സമ്പൂർണമായ സാമ്പത്തിക തകർച്ചയിലായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥർ മാത്രമല്ല ഉന്നതമായ രാഷ്ട്രീയ നേതൃത്വമാണ് ഇതിന് പിന്നിൽ. ദുരിതാശ്വാസനിധി തട്ടിപ്പിനെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും തയ്യാറാവണം. മുട്ടിൽ മരം മുറി കേസിലും പ്രളയഫണ്ട് തട്ടിപ്പിലും സംഭവിച്ചത് തന്നെയാണ് ദുരിതാശ്വാസനിധി തട്ടിപ്പിലും സംഭവിക്കുന്നത്. കുറ്റക്കാർക്കെതിരെ ഒരു നടപടിയും ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. വിഡി സതീശനും കോൺഗ്രസ് നേതാക്കളും അനർഹർക്ക് വേണ്ടി ശുപാർശ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കോൺഗ്രസിന് പ്രതികരിക്കാനാവാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോടും വയനാട്ടിലും സിപിഎം ജാഥ എത്തിയപ്പോൾ ഇന്ധനം നിറച്ചത് മാഹിയിലാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വാഹനവ്യൂഹവും മലബാറിലെത്തിയാൽ മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 10 രൂപയാണ് ഇതിലൂടെ ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം. ജിഎസ്ടി കുടിശ്ശികയായ 780 കോടി കിട്ടിയെന്ന് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇതുവരെ ബാലഗോപാൽ പറഞ്ഞത് 20,000 കോടി കിട്ടാനുണ്ടെന്നാണ്. ഇതും പറഞ്ഞാണ് ഇവർ രണ്ട് രൂപ സെസ് കൂട്ടി ജനങ്ങളെ വഞ്ചിച്ചത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് 25 ശതമാനം ഞങ്ങൾ നൽകാമെന്ന് നിതിൻ ഗഡ്ക്കരിയോട് സമ്മതിച്ച പിണറായി വിജയൻ അതിൽ നിന്നും പിൻമാറിയിരിക്കുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയത്: വിനോദിനി ബാലകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button