കോഴിക്കോട്: ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്നു പറഞ്ഞ ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയതാണെന്നും ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യൻ. ഇസ്രയേലിൽ നിന്ന് ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ബിജു കുര്യൻ, മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്. മേയ് എട്ടു വരെ കാലാവധിയുള്ള വിസ കൈവശമുണ്ടായിരുന്നതിനാൽ, എതുവഴി നടന്നാലും ആരും ചോദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരികെവന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്ത് നൽകിയത് സഹോദരനാണെന്നും ബിജു അറിയിച്ചു. സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പുചോദിക്കുന്നതായി പറഞ്ഞ ബിജു കുടുംബാംഗങ്ങളോടൊപ്പം നാട്ടിലേക്ക് തിരിച്ചു.
‘ഇസ്രയേലിൽ എത്തിയ നിലയ്ക്ക് മടങ്ങുന്നതിനു മുൻപ് പുണ്യസ്ഥലങ്ങൾ കൂടി സന്ദർശിക്കാമെന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. അതുകൊണ്ട് ഞാൻ ജറുസലം ദേവാലയം സന്ദർശിക്കാനായി പോയി. അതിന്റെ തൊട്ടു പിറ്റേ ദിവസം ബത്‍ലഹെമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരേണ്ട സമയമായപ്പോഴേക്കും ആകെ പ്രശ്നമായതായി അറിഞ്ഞു. തീർത്തും മോശമായ രീതിയിൽ പലതും പ്രചരിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ വന്നു.
എല്ലാം കേട്ട് ആകെ വിഷമമായതുകൊണ്ട് മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായില്ല. അതുകൊണ്ട് അന്നും അവിടെത്തന്നെ തുടർന്നു. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ ഭാര്യയെ വിളിച്ച് ഞാൻ സുരക്ഷിതനായി ഇവിടെയുണ്ടെന്നും വീട്ടിലേക്ക് തിരിച്ചെത്തിക്കോളാമെന്നും പറഞ്ഞു. അതിനുശേഷം എന്റെ സഹോദരനുമായി ബന്ധപ്പെട്ടു. ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും എന്തു സഹായവും ചെയ്തു തരാമെന്നും സഹോദരൻ പറഞ്ഞു. മറ്റാരുടെയോ സഹായത്തോടുകൂടി സഹോദരനാണ് ഇവിടേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുത്തുതന്നത്. അങ്ങനെയാണ് ഞാൻ ഇപ്പോൾ തിരിച്ചെത്തിയത്’- ബിജു വ്യക്തമാക്കി.
Post Your Comments