ടെൽ അവീവ്: ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ തിങ്കളാഴ്ച തിരികെ കേരളത്തിലെത്തും. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രായേലിൽ തൊഴിൽ ചെയ്ത്, പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു മുങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, സത്യമതേല്ലെന്നും ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു സംഘത്തിൽ നിന്നും മുങ്ങിയതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ബിജു ജെറുസലേമിലും ബത്ലഹേമിലും സന്ദർശനം നടത്തി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
‘ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത്, വാഹനത്തിന്‍റെ പിന്നിൽ ഉണ്ടായിരുന്ന ബിജു പെട്ടെന്ന് അപ്രത്യക്ഷനാകുക ആയിരുന്നു. ഏത് വഴി കടന്നെന്ന് ഇന്നാർക്കും ധാരണ ഇല്ല. ഇസ്രയേലിൽ ചെറിയ ജോലികൾക്ക് ആളെക്കിട്ടുക അത്ര എളുപ്പമല്ല. എന്നാലും ഇത്തരം ജോലികൾ കിട്ടാൻ പ്രയാസമുണ്ടായേക്കില്ലെന്നും പറയുന്നുണ്ട്’, ബിജുവിന്റെ മുങ്ങലിനെ കുറിച്ച് കൃഷി പഠിക്കാൻ ഇസ്രായേലിൽ പോയി തിരിച്ചെത്തിയ ഉത്തമൻ പറഞ്ഞതിങ്ങനെ.
Post Your Comments