തൃശൂര്‍: ചേലക്കരയില്‍ നിന്ന് കാണാതായ അമ്പത്തിയഞ്ചു വയസുകാരിയുടെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. പട്ടിക്കാട് വാണിയമ്പാറ ദേശീയപാതയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പാലക്കാട് കൊടുമ്പ് സ്വദേശി കോഴിപ്പറമ്പ് വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ചേലക്കര കാളിയാര്റോഡ് പള്ളിയില്‍ കുടുംബത്തിനൊപ്പം എത്തിയതായിരുന്നു ഫാത്തിമ. ഇവിടെ വച്ച് വഴി തെറ്റി കാട്ടിലകപ്പെട്ടതായാണ് നിഗമനം. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പള്ളിയില്‍ നിന്ന് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. വാണിയംപാറ ദേശീയപാതയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ എളനാട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫയര്‍ ലൈന്‍ വെട്ടിത്തെളിക്കാന്‍ വന്ന വനംവകുപ്പ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തൃശൂരില്‍ നിന്ന് എസിപി സുരേഷ് പിഎസ്, പീച്ചി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പിഎം രതീഷ്, പട്ടിക്കാട് റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, തൃശ്ശൂരില്‍ നിന്നുള്ള ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Post Your Comments