Latest NewsNewsInternational

കാലാവസ്ഥാ വ്യതിയാനം സ്ത്രീകളുടെ നിലനില്‍പ്പിന് ഭീഷണി: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയ: മനുഷ്യനടക്കം ഭൂമിയിലെ സകല ജീവജാലങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഈ പൊതു കാഴ്ചപ്പാടിനപ്പുറം കാലാവസ്ഥാ വ്യതിയാനത്തിന്റെ അധികമാരും കാണാത്ത മറ്റൊരു വശം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിങ്ങിലെ ഗവേഷകരാണ് കാലാവസ്ഥാ വ്യതിയാനം സ്ത്രീകളെയും പെണ്‍കുട്ടികളെയും എത്തരത്തില്‍ ബാധിക്കുന്നു എന്നതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരിക്കുന്നത്.

Read Also: കോവിഡ് പേടിയില്‍ മകനുമൊത്ത് പൂട്ടിയിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്ന് കൊല്ലം; ഭര്‍ത്താവിനെ പോലും കയറ്റിയില്ല

പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു പുറമേ ദാരിദ്ര്യം, കുടിയേറ്റം, പോഷകകുറവ്, പ്രകൃതി വിഭവങ്ങളുടെ പേരിലുള്ള പോരാട്ടങ്ങള്‍ എന്നിങ്ങനെ പ്രകൃതി ദുരന്തങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പട്ടിക നീളും. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളാണ്. മറ്റേതൊരു വിപത്തും പോലെ പാരിസ്ഥിതിക മാറ്റങ്ങളുടെ സമയത്തും സാമൂഹികപരവും സാംസ്‌കാരികപരവും സാമ്പത്തികപരവുമായി സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നത് എന്ന് പഠനം ചൂണ്ടി കാണിക്കുന്നു. നഴ്‌സിങ് ഔട്ട്‌ലുക്ക് എന്ന ജേര്‍ണലിലാണ് പഠന വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സമയത്തു സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും എത്തരത്തിലാണെന്ന് വിശദീകരിക്കുകയാണ് ഗവേഷകര്‍.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത, കുടിയേറ്റം, ലിംഗപരമായ അതിക്രമങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പ്രത്യുദ്പാതന- ലൈംഗികാരോഗ്യം എന്നിങ്ങനെ ജീവശാസ്ത്രപരമായും സാമൂഹികപരമായുമുള്ള അഞ്ച് മേഖലകളില്‍ സ്ത്രീകള്‍ പ്രതിസന്ധി നേരിടുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമേ ലോകവ്യാപകമായി സ്ത്രീകള്‍ ആരോഗ്യപരിരക്ഷയില്‍ പിന്നോക്കം നില്‍ക്കുന്നതും മൗലികാവകാശങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാന്‍ സാധിക്കാത്തതും ഗവേഷകര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്.

ആര്‍ത്തവം, മുലയൂട്ടല്‍. പ്രസവാനന്തര പരിരക്ഷ എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ വ്യക്തി ശുചിത്വം നിലനിര്‍ത്താനായി ശുദ്ധജല ലഭ്യത വളരെ പ്രധാനമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ജലക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങളും ശുചിത്വ കുറവുമൂലമുള്ള രോഗാവസ്ഥകളും സ്ത്രീകളില്‍ ഏറി വരുന്നുണ്ട്. ഭക്ഷണകാര്യങ്ങളില്‍ പോലും സ്ത്രീകള്‍ സ്വാതന്ത്ര്യം അനുഭവിക്കാത്ത സ്ഥലങ്ങള്‍ ലോകത്ത് ഏറെയാണ്. വരള്‍ച്ചയും അതിശൈത്യവുമെല്ലാം ഭക്ഷണക്ഷാമത്തിന് കാരണമാകുമ്പോള്‍ പല സ്ത്രീകളും കുടുംബാംഗങ്ങള്‍ക്കു വേണ്ടി സ്വന്തം പോഷകാഹാരം വേണ്ടെന്നു വയ്ക്കാന്‍ പോലും തയാറാവുന്നു. ഭക്ഷണപരമായ ഈ അരക്ഷിതാവസ്ഥ വലിയതോതിലുള്ള പോഷകാഹാര കുറവിലേക്കാണു നയിക്കുന്നത്.ആരോഗ്യസ്ഥിതിയിലുള്ള ഈ ശോഷണം പ്രത്യുത്പാദനത്തെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ഇതിനു പുറമേ ഉയര്‍ന്ന ചൂട്, വായു മലിനീകരണം എന്നിവ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടാവുന്നതിലേക്കു നയിക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button