തിരുവനന്തപുരം: അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്ന് ബഡ്സ് (Banning of Unregulated Deposit Schemes Act) കോംപീറ്റന്റ് അതോറിറ്റി. അമിത പലിശ വാഗ്ദാനം ചെയ്തു വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമായതിനാൽ ഇത്തരം തട്ടിപ്പുകൾക്കെതിരേ കർശന നടപടിക്ക് സുസജ്ജമായ സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
സെബി, ഐആർഡിഎഐ, പിഎഫ്ആർഡിഎ, ഇപിഎഫ്ഒ, റിസർവ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാർ, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും പൊതുജനങ്ങൾക്കു നിക്ഷേപം നടത്താമെന്ന് ബഡ്സ് കോംപീറ്റന്റ് അതോറിറ്റി വ്യക്തമാക്കി. മറ്റേതെങ്കിലും രീതിയിൽ അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുന്നത് 2019ലെ ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act) പ്രകാരം കുറ്റകരമാണ്.
Read Also: അസുഖം ഇടതു കാലിന്: ശസ്ത്രക്രിയ ചെയ്തത് വലതു കാലിൽ, ഡോക്ടർക്കെതിരെ പരാതിയുമായി രോഗി
വ്യാപാര സ്ഥാപനങ്ങൾ വാണിജ്യ ഇടപാടുകൾക്ക് എടുക്കുന്ന മുൻകൂർ തുകകൾ, സ്വയംസഹായ സംഘാംഗങ്ങളിൽനിന്നു സ്വീകരിക്കുന്ന വരിസംഖ്യ, നിക്ഷേപം(വാർഷിക പരിധി 7 ലക്ഷം), വ്യക്തികളും വാണിജ്യ സ്ഥാപനങ്ങളും ബന്ധുക്കളിൽനിന്നും മറ്റും വായ്പയായി സ്വീകരിക്കുന്ന തുകകൾ തുടങ്ങിയവ ബഡ്‌സ് നിയമ പ്രകാരം നിക്ഷേപമായി പരിഗണിക്കില്ല. വസ്തുവകകൾ വാങ്ങുന്നതിനു മുൻകൂർ നൽകുന്ന തുകകളും പാർട്ണർഷിപ് സ്ഥാപനങ്ങളിൽ മുതൽ മുടക്കുന്നതിനായി നൽകുന്ന ഓഹരി തുകകളും വ്യാജ നിക്ഷേപങ്ങൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു വോട്ട് ചെയ്യാൻ അധികാരമുള്ള അംഗങ്ങളിൽ നിന്നു മാത്രം നിക്ഷേപം സ്വീകരിക്കാം.
ബഡ്‌സ് നിയമത്തിന്റെ വ്യവസ്ഥകൾ സംസ്ഥാനത്തു നടപ്പാക്കുന്നതിനായി കേരള ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പൊസിറ്റ് സ്‌കീംസ് റൂൾസ്, 2021പുറപ്പെടുവിക്കുകയും ഗവ. സെക്രട്ടറിയായ സഞ്ജയ് എം. കൗളിനെ കോംപിറ്റന്റ് അതോറിറ്റിയായും, കോംപീറ്റന്റ് അതോറിറ്റിക്കു കീഴിൽ ജില്ലാ കളക്ടർമാരെയും, നോഡൽ ഓഫീസർമാരായി അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർക്കു കോംപിറ്റന്റ് അതോറിറ്റി മുൻപാകെ പരാതി നൽകാം. പൊലീസ് അന്വേഷണത്തിൽ കുറ്റകൃത്യം ബോധ്യപ്പെട്ടാൽ സ്ഥാപനത്തിന്റെയും ഉടമകളുടേയും സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വകകൾ കണ്ട് കെട്ടിയതിന് ശേഷം ജില്ലാ കളക്ടർമാർ ബഡ്സ് നിയമത്തിന്റെ പരിധിയിൽപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുള്ള അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതികൾ മുൻപാകെ (ഡെസിഗ്നേറ്റഡ് കോടതികൾ) താത്കാലികമായി സ്ഥാവര ജംഗമവസ്തുക്കൾ കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിക്കുകയും ഡെസിഗ്നേറ്റഡ് കോടതികൾ നടപടി ശരിവയ്ക്കുകയും, പൊതുലേലത്തിലൂടെയോ, സ്വകാര്യ വിൽപ്പനയിലുടെയോ ഇവ വിൽക്കാൻ ഉത്തരവാകുകയും ചെയ്താൽ അപ്രകാരം ലഭ്യമാകുന്ന തുക നിക്ഷേപകർക്ക് നൽകാനാകുമെന്ന് ബഡ്സ് നിയമം വിഭാവനം ചെയ്യുന്നു.
സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഇതിൽ 27 സ്ഥാപനങ്ങളുടേയും കുറ്റകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരുടേയും സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവു നൽകിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് മറ്റു സ്ഥാപനങ്ങൾക്കെതിരേയും നിയമപ്രകാരമുള്ള നടപടിയുണ്ടാകും. ഒന്നിലധികം സംസ്ഥാനങ്ങളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം സിബിഐയ്ക്കു കൈമാറാനും വ്യവസ്ഥയുണ്ട്. പോപ്പുലർ ഫിനാൻസ്, യുണിവേഴ്‌സൽ ട്രേഡിങ് സൊല്യൂഷൻസ്, ആർ വൺ ഇൻഫോ ട്രേഡ് ലിമിറ്റഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഈ രീതിയിൽ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.
ബഡ്‌സ് നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസന്വേഷണങ്ങളുടെ മേൽനോട്ടത്തിനു പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് ഇൻസ്‌പെക്ടർ ജനറലിനെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഉത്തര, ദക്ഷിണ മേഖലാ ഐജിമാർ അതതു മേഖലാ നോഡൽ ഓഫിസർമാരാണ്. പൊതുജനങ്ങൾക്കു കോംപിറ്റന്റ് അതോറിറ്റിയുടെ ca.budsact@kerala.gov.in എന്ന ഇ-മെയിൽ മുഖേനയും സഞ്ജയ് എം കൗൾ ഐഎഎസ്, കോംപിറ്റന്റ് അതോറിറ്റി, ബഡ്‌സ് ആക്ട്, റൂം നമ്പർ 374, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിലും പരാതികൾ സമർപ്പിക്കാം.
Post Your Comments