സംസ്ഥാനത്ത് സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സഹകരണ മന്ത്രി വി. എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ഇതോടെ, പൊതുമേഖല ബാങ്കുകളിലെയും, സ്വകാര്യബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാക്കുന്നതാണ്. പുതുക്കിയ നിരക്കുകൾ അറിയാം.
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനവും, 91 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.00 ശതമാനവും പലിശ ലഭിക്കും. 180 ദിവസം മുതൽ 364 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനവും, രണ്ട് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.00 ശതമാനവുമാണ് പലിശ.
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവും, 91 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും പലിശ ലഭിക്കും. 180 ദിവസം മുതൽ 364 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനവും, രണ്ട് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 7.00 ശതമാനവുമാണ് പലിശ.
Post Your Comments