കൊച്ചി: ആദായ നികുതിക്കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു. കൊച്ചിയിലെ ആദായ നികുതി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകകളുമായി ബന്ധപ്പെട്ടും മറ്റു ഇതര ഭാഷാ, ഒ.ടി.ടി. സിനിമകള്‍ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ടുമുള്ള കണക്കുകൾ അറിയാനാണ് താരത്തെ ഉദ്യോഗസ്ഥർ വിളിച്ച് വരുത്തിയത്.
പല സിനിമയുമായി ബന്ധപ്പെട്ട് ഫഹദ് കൊടികളോളം തുക അഡ്വാൻസ് ആയി വാങ്ങിയിരുന്നു. എന്നാൽ, തിരക്കുകാരണം ഈ സിനിമകളിലൊന്നും താരം അഭിനയിച്ചില്ല. കോടിക്കണക്കിനു രൂപ വരുന്ന അഡ്വാന്‍സ് തുക വരുമാനത്തില്‍ ചേര്‍ത്തിട്ടില്ല എന്നതാണ് ആദായ നികുതി വകുപ്പ് ഫഹദിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിൽ വ്യക്തത തേടിയാണ് ഫഹദിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്.
അതേസമയം, ഇതുവരെ നടന്ന റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തിയതായി റിപ്പോർട്ട്. നികുതി ഇനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ തട്ടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന. കഴിഞ്ഞ ഡിസംബർ 15 നായിരുന്നു കേരളത്തിലെ ആദ്യത്തെ റെയ്ഡ്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു വകുപ്പ് റെയ്ഡ് നടത്തിയത്. പിന്നീട്, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങി മലയാള സിനിമാ മേഖലയിൽ നിർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും പരിശോധന നടന്നു.
Post Your Comments