KeralaLatest NewsNews

സഹകരണ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ: വി എൻ വാസവൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടുതൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള നീക്കമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു രാജ്യം, ഒരു ഭാഷ, ഒരു രജിസ്‌ട്രേഷൻ എന്നിവയ്ക്കു പിന്നിലെ പുതിയൊരു രാഷ്ട്രീയ അജൻഡയുമായി കേന്ദ്രം ഭരിക്കുന്ന പാർട്ടി രംഗത്ത് വന്നിരിക്കുകയാണെന്നും സംസ്ഥാനങ്ങളുടെ അധികാരം ഓരോന്നായി കവരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

Read Also: നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ല; ശിൽപി കൈപറ്റിയ തുക മുഴുവൻ എഴുതിത്തളളി സർക്കാർ

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ എൻട്രി 32 പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. ഈ വ്യവസ്ഥ ലംഘിച്ചാണ് 1984ൽ കേന്ദ്ര സർക്കാർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പാസാക്കിയത്. ബിജെപി സർക്കാർ 2022ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാരിന്റെ അനുവാദം കൂടാതെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം രൂപീകരിക്കുന്നതിന് അനുമതി നൽകി. അങ്ങനെയുള്ള സംഘങ്ങൾ കേരളത്തിലടക്കം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നൽകുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാനദണ്ഡമോ നിയന്ത്രണമോ ഒന്നുമില്ല. ഇതിൽ പലതും നിക്ഷേപം സ്വീകരിച്ചിട്ട് പ്രവർത്തനം അവസാനിപ്പിച്ച സംഭവങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ഒരു പരിശോധനയും സംസ്ഥാന സഹകരണവകുപ്പിന് നടത്താൻ സാധിക്കില്ല. ഇതിനിടയിലാണ് രാജ്യം മുഴുവൻ സഹകരണ സംഘവുമായി എത്തുന്നത്. കേന്ദ്ര സർക്കാർ 2012ൽ കൊണ്ടുവന്ന സഹകരണവുമായി ബന്ധപ്പെട്ട 97-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി തള്ളിയിരുന്നു. ഇതൊന്നും അംഗീകരിക്കാതെ വളഞ്ഞ വഴി തേടുകയാണ് ബിജെപി സർക്കാർ. കേന്ദ്രവിഷയമായ ബാങ്കിങ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് നിയമനിർമാണം സാധ്യമാണ്. ബാങ്കിങ് നിയമത്തിൽ 2020ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ സംസ്ഥാനങ്ങളിലെ സഹകരണ നിയമവ്യവസ്ഥ പ്രകാരം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സഹകരണമന്ത്രാലയം രൂപീകരിച്ച് അമിത് ഷാ മന്ത്രിയായി ചുമതലയേറ്റതുമുതൽ സഹകരണ സംഘങ്ങളുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലാക്കാൻ നിരന്തരമായ നടപടി സ്വീകരിച്ചുവരികയാണ്. ദേശീയതലത്തിൽ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് സൊസൈറ്റി, ദേശീയതല മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സീഡ് സൊസൈറ്റി, ജൈവ ഉൽപ്പന്നങ്ങൾക്കുള്ള ദേശീയതല സഹകരണ സംഘം എന്നിങ്ങനെ മൂന്നു സംഘം രൂപീകരിക്കുകയാണ്. ഇവയിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ അംഗത്വം എടുക്കുന്ന സംസ്ഥാനത്തെ സംഘങ്ങളെ കേന്ദ്ര നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ഗൂഢനീക്കമാണ് ഇത്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ കേന്ദ്രതലത്തിൽ തയ്യാറാക്കി നൽകുമെന്നും അത് സംസ്ഥാനങ്ങളിൽ ഉപയോഗിക്കണമെന്നതുമാണ് മറ്റൊരു നിർദേശം. സംഘങ്ങളുടെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ ഡാറ്റായും വ്യക്തിവിവരങ്ങൾ അടക്കം വിവിധ ഏജൻസികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ഡെയറി സംഘങ്ങൾ, മത്സ്യ സംഘങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രം തയ്യാറാക്കുന്ന ഡാറ്റാ ബേസിലേക്ക് നൽകണമെന്ന നിർദേശം കേന്ദ്ര സഹകരണമന്ത്രാലയം നേരത്തേ നൽകിയിരുന്നു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു ഡാറ്റാ ബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. ആ വിവരങ്ങൾ ഉപയോഗപ്പെടുത്തിയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത്. ഇതെല്ലാം കോടതിയെയും നിയമവ്യവസ്ഥയെയും മറികടക്കാനുള്ള നീക്കമാണ്. സഹകരണമന്ത്രാലയം രൂപീകരിച്ച കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായോ സഹകരണവകുപ്പുമായോ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ചർച്ചയോ അഭിപ്രായം തേടുകയോ ഇതുവരെ നടത്തിയിട്ടില്ല. ഭരണഘടനാ വ്യവസ്ഥകളുടെയും ഫെഡറൽ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നത്. ആകെ 941 പഞ്ചായത്ത് നിലവിലുള്ളപ്പോൾ 1607 പ്രാഥമിക കാർഷിക വായ്പാ സംഘം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, മത്സ്യമേഖലയിൽ 1562 സഹകരണ സംഘവും ക്ഷീരമേഖലയിൽ 3649 സംഘവും പ്രവർത്തിക്കുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഈ സഹകരണപ്രസ്ഥാനം മനുഷ്യജീവിതത്തിന്റെ സർവ മേഖലകളെയും സ്പർശിക്കുന്നതും, ചെറുകിട കർഷകർക്കും സാധാരണക്കാർക്കും ആശ്വാസവുമാണ്. ഇവയെ തകർക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങൾ സഹകരണമേഖലയിൽ അടിച്ചേൽപ്പിക്കുന്നതിനും ലക്ഷ്യംവച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങളെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Read Also: വിരൽ തൊടാതെ വീഡിയോ ഷൂട്ട് ചെയ്യാം, ‘ഹാൻഡ്സ് ഫ്രീ’ ഫീച്ചറുമായി വാട്സ്ആപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button