പൂജപ്പുര: കേരള പോലീസിനെ ഏറെ വലച്ച മിസ്സിംഗ് കേസ് ആണ് ജസ്‌നയുടേത്. അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ജസ്‌നയെ കാണാതായത്. മാര്‍ച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയതാണ് ജസ്ന മരിയ ജെയിംസിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇപ്പോഴിതാ, കേസിൽ വഴിത്തിരിവ്. ജസ്നയുടെ തിരോധാനത്തെ കുറിച്ച് തനിക്ക് അറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയതായി സി.ബി.ഐ റിപ്പോർട്ട്. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സി.ബി.ഐയ്ക്ക് മൊഴി നൽകിയത് പൂജപ്പുര ജയിലിൽ കഴിയുന്ന മറ്റൊരു പ്രതിയാണ്. ജയിലിൽ ഒരുമിച്ച് കഴിയവെ തന്നോട് സഹതടവ് പുള്ളിയായിരുന്ന യുവാവ് ജസ്‌ന കേസിനെ കുറിച്ച് പറന്നിട്ടുണ്ടെന്ന് പ്രതി മൊഴി നൽകി. പത്തനംതിട്ട സ്വദേശിയാണ് സി.ബി.ഐ അന്വേഷിക്കുന്ന യുവാവ്. പത്തനംതിട്ടയിൽ അങ്ങിനൊരു യുവാവ് ഉണ്ടെന്ന് സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം ഇയാൾ ഒളിവിൽ കഴിയുകയാണ്.
നാല് മാസങ്ങൾക്ക് മുൻപാണ് സി.ബി.ഐയ്ക്ക് ഈ യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നത്. പോക്സോ കേസില്‍ പ്രതിയായ കൊല്ലം ജില്ലക്കാരന് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്ന് പൂജപ്പുര ജയിലിൽ നിന്നും സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ ഇവിടെ എത്തി. മൊഴിയിലെ പ്രധാന ഭാഗം ഇങ്ങനെ: ഈ യുവാവ് രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കല്‍ ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞുവെന്നാണ് പ്രസ്തുത പ്രതിക്ക് പറയാനുള്ളത്. രണ്ട് പ്രതികള്‍ ജയിലില്‍ നടത്തിയ സംഭാഷണമായതിനാൽ തീർത്തും വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും, ഒരു പ്രതീക്ഷയും തള്ളിക്കളയേണ്ട എന്ന നിഗമനത്തിലാണ് പോലീസ്.
Post Your Comments