അങ്കാറ: ഭൂചലനത്തെ തുടർന്നുണ്ടായ നടുക്കത്തിൽ നിന്നും തുർക്കി ജനത ഇതുവരെ മോചിതരായിട്ടില്ല. 46,000 ത്തിൽ അധികം പേരാണ് ഭൂചലനത്തെ തുടർന്ന് മരണപ്പെട്ടത്. 2,64,000 കെട്ടിടങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ നിന്നും അതിജീവനത്തിന്റെ അത്ഭുതകഥകളും സ്നേഹത്തിന്റെയും പ്രത്യാശയുടെയും കഥകളും തുർക്കിയിൽ നിന്നും പുറത്തു വന്നിരുന്നുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ചയാണ് ചിത്രത്തിലുള്ളത്. മാർഡിൻ ഫയർ വിഭാഗത്തിലെ അലി കക്കാസ് എന്ന ഉദ്യോഗസ്ഥൻ ഒരു പൂച്ചയെ രക്ഷിച്ചിരുന്നു. ആ പൂച്ച അലി കക്കാസിന്റെ കൂടെകൂടിയിരിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. യുക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റോൺ ഗെരാഷ്ചെങ്കോയാണ് ഈ വിവരം സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
രക്ഷാപ്രവർത്തകനൊപ്പമുള്ള പൂച്ചയുടെ വീഡിയോ ഫെബ്രുവരി 16-ന് അദ്ദേഹം പങ്കുവെച്ചിരുന്നു. റൂബിൾ എന്ന പേരിലുള്ള പൂച്ച അലി കക്കാസിന്റെ തോളിൽ ഇരിക്കുന്നതും മുഖത്തോട് ചേർന്നിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ദിവസങ്ങൾക്ക ശേഷമാണ് അലി കക്കാസും പൂച്ചയുമൊത്തുള്ള മറ്റൊരു ചിത്രം കൂടി ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അലി കക്കാസ് തന്നെ പൂച്ചയെ ഏറ്റെടുത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം ഷെയർ ചെയ്തിട്ടുള്ളത്.
Post Your Comments