Latest NewsKeralaYouthNewsMenLife Style

‘ഡിവോഴ്സ് എന്നെ വിഷാദരോഗത്തിൽ കൊണ്ടെത്തിച്ചു’: വിവാഹിതരായി ചെറിയ കലഹങ്ങളിലേക്ക് കടക്കുന്നവർ വായിച്ചിരിക്കേണ്ടത്

നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന പ്രശ്‌നങ്ങളിൽ നമ്മളിൽ പലരും പകച്ചു പോകുന്നവരാണ്. അപ്രതീക്ഷിത സമഭാവങ്ങൾ നമ്മളെ ആടിയുലയ്ക്കും. മുന്നോട്ടുള്ള വഴിയറിയാതെ നാം ചലനം നഷ്ടപ്പെട്ട് നിൽക്കും. ചിലർ വിധിയോട് പൊരുതി ശക്തരായി തിരികെ വരും. എന്നാൽ, മനശക്തി കുറവുള്ള ചിലർക്ക് അതിന് കഴിയാറില്ല. പ്രശ്നങ്ങളില്ലാത്ത ലോകത്തേക്ക് അവർ യാത്ര തിരിക്കും, മരണമെന്ന പോംവഴിയിലൂടെ. എന്നാൽ, അതല്ല ഒന്നിന്റെയും പരിഹാരമെന്ന് അവർക്ക് തന്നെ അറിയാം. വിഷാദരോഗമാണ് പലപ്പോഴും മനുഷ്യനെ കൊണ്ട് ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുപ്പിക്കുന്നത്.

വിഷാദരോഗത്തിന് അടിമപ്പെട്ട് അതിൽ നിന്ന് കരകയറിയതിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലാൽ കൃഷ്ണ എംഎസ് എന്ന യുവാവാണ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ടവരെ ദുരിതത്തിലാക്കി ജീവിതം അവസാനിപ്പിക്കണമെന്ന് ഒരിക്കലും തോന്നരുതെന്നും ഒന്നും നഷ്ടപ്പെടുത്തരുതെന്നും കുറിപ്പിൽ ലാൽ കൃഷ്ണ കുറിക്കുന്നു.

വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:

ചികിത്സയും സൈക്കോളജിക്കൽ ഗൈഡൻസും വിശദമായിത്തന്നെ ആവശ്യമുള്ള ഒരുതരം അവസ്ഥയാണ് ‘ഡിപ്രഷൻ’ അഥവാ വിഷാദം. സൊസൈറ്റിയുടെ ലൈം ലൈറ്റിൽ നിൽക്കുന്ന പലരും വിഷാദരോഗാവസ്ഥയിൽ പെട്ടുപോയിട്ടുണ്ട്. അതിശക്തരായവർ, എല്ലാത്തരം ആഡംബരത്തിലും ജീവിക്കുന്നവർ.. ‘ഇവർക്കൊക്കെ എന്തിന്റെ കുറവാണ് ഇങ്ങനെ ഡിപ്രഷനിലാകാൻ’ എന്ന് പുറമേ നിൽക്കുന്നവർക്ക് തോന്നുമെങ്കിലും തങ്ങളുടെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കാൻ പോലും പറ്റാത്തവിധം വിഷമത്തിലായിരിക്കും അവരെല്ലാം..

പല ജീവിതങ്ങളും പകുതിവച്ച് അവസാനിക്കുന്നത് കഠിനമായ മാനസിക വിഷാദം കൊണ്ടാണ്.. ‘തനിക്ക് ഡിപ്രഷനാണ് അതിൽനിന്ന് ശ്രദ്ധാപൂർവ്വം പുറത്തുകടക്കണം’ എന്ന് പറയുന്നവർ വളരെ ചുരുക്കമാണ്. തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബോധവാനാവുക എന്നതാണ് ഡിപ്രഷനിൽ നിന്നും പുറത്തുകടക്കാനുള്ള ആദ്യ പരിശ്രമം..കഴിഞ്ഞ ഏപ്രിലിൽ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ വളരെ സന്തോഷവാനായ ഒരാളായിരുന്നു ഞാൻ.. ജീവിതത്തിന്റെ സുപ്രധാനമായ ഒരു അധ്യായം തുടങ്ങുന്നു..! ജീവിതത്തിന്റെ സുപ്രധാനമായ മൈൽസ്റ്റോണുകളെല്ലാം ഒരു വീഴ്ച പോലുമില്ലാതെ നടന്നതിൽ നന്ദിപറഞ്ഞുകൊണ്ടും അഭിമാനത്തോടുമാണ് പുതിയ ജീവിതത്തെ സമീപിച്ചത്.. പക്ഷേ, വളരെപ്പെട്ടെന്ന് ഒരു ‘വേർപിരിയൽ’ അഭിമുഖീകരിക്കേണ്ടതായി വന്നു.

രണ്ടുപേർ തമ്മിൽ പൊരുത്തപ്പെട്ട് പോകുന്നില്ല എങ്കിൽ പിരിയുക എന്നത് അത്ര വലിയ പാതകമൊന്നുമല്ല. എങ്കിലും പെട്ടെന്നുള്ള ആ വേർപിരിയൽ എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. ആദ്യമായി ഒരു വീഴ്ച ജീവിതത്തിൽ ഫേസ് ചെയ്യേണ്ടി വന്നതുകൊണ്ടാകാം.. സർവ്വീസിൽ കഷ്ടതയാർന്ന പല അനുഭവങ്ങളുണ്ടായിട്ടുപോലും അതൊന്നും തരിമ്പും കുലുക്കിയിട്ടില്ല. എന്നാൽ എന്റെയും അയാളുടേയും വേർപിരിയലിനു കാരണമെന്നോണം പലരും പറഞ്ഞുനടന്ന ഇല്ലാക്കഥകൾ എന്നെ തളർത്തി.എനിക്ക് എന്റെ സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ മനസ്സുതുറന്ന് മിണ്ടാൻ കഴിഞ്ഞില്ല. ഒരുപാട് സുഹൃദ്ബന്ധങ്ങളുണ്ടായിരുന്ന എനിക്ക് ഭീകരമായ ഏകാന്തത അനുഭവപ്പെട്ടുതുടങ്ങി. സോഷ്യൽ ആക്ടിവിറ്റീസിൽ വ്യാപൃതനായിരുന്ന ഞാൻ പതിയെ എല്ലാറ്റിൽ നിന്നും ഉൾവലിയാൻ തുടങ്ങി. എന്നെ ഫോൺവിളിച്ച എന്റെ ആത്മാർത്ഥ സുഹൃത്തുക്കളെപ്പോലും ബ്ലോക്ക് ചെയ്തു.. ഒട്ടുമിക്ക ഫ്രണ്ട്സ്, ഫാമിലി ഗ്രൂപ്പുകളിൽ നിന്നുമെല്ലാം ഒളിച്ചോടി.

വെറുതേയിരിക്കുമ്പോഴായാലും ഡ്യൂട്ടി ചെയ്യുമ്പോഴുമായാലും സങ്കടം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. കണ്ണിൽ നിന്നും കണ്ണീർ എപ്പോഴും വരാൻ തയ്യാറായിത്തന്നെ നിന്നു. ഏറ്റവും സന്തോഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുപോലും പുറത്ത് ചിരിച്ചുകാണിച്ച് ഉള്ളിൽ പൊട്ടിപ്പൊട്ടിക്കരഞ്ഞു. കൊത്തിപ്പറിക്കുന്ന തരം ആരോപണങ്ങൾ.. കുഞ്ഞുനാളുമുതൽ എന്നെ അറിയുന്നവർ പോലും മൂക്കത്തു വിരൽ വയ്‌ക്കുന്ന ആരോപണങ്ങൾ! ഇതൊക്കെക്കൊണ്ട് ജീവിതം പോലും വെറുത്തുപോയിരുന്നു.. എല്ലാം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു.

എന്റെ ആ അവസ്ഥയിൽ സങ്കടപ്പെട്ടിരിക്കാനും ആശ്വസിപ്പിക്കാനും മാത്രമേ എന്റെ കുടുംബാംഗങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ.. എന്റെ മാനസികാവസ്ഥ തിരിച്ചുപിടിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു.. ഫലമുണ്ടായില്ല. ബി.പി വേരിയേഷൻ ഉണ്ടായി.. ഉറക്കം കിട്ടാതെ വന്നു. ഓർമ്മക്കുറവുവന്നു.. ശരീരം വല്ലാണ്ട് തളർന്നുപോയി. ജീവിതത്തിലാദ്യമായി സ്നേഹമെന്ന വികാരത്തെ പേടിക്കാനും വെറുക്കാനും തോന്നി. ട്രോമയിലായി.

വിവാഹം കഴിഞ്ഞുടനേയുള്ള വേർപിരിയലും അതേത്തുടർന്നുള്ള ഊഹാപോഹങ്ങളും കഴമ്പില്ലാത്ത കുറ്റാരോപണങ്ങളുമാണ് എന്റെ മാനസികസന്തോഷത്തെ താറുമാറാക്കിയത്. ആ സമയത്തെ എന്റെ അവസ്ഥ, ചേതനയറ്റ കേവലമൊരു മനുഷ്യക്കോലമായിരുന്നു ഞാൻ.. അതിൽ നിന്നുമൊക്കെ മുന്നോട്ടുവരണം എന്നൊക്കെ കൂടെയുണ്ടായിരുന്നവർ ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും എനിക്കതിന് കഴിയുന്നില്ലായിരുന്നു.ആദ്യം പറഞ്ഞല്ലോ തനിക്ക് ഡിപ്രഷനാണ് എന്ന് തിരിച്ചറിയുകയും തന്റെ മാനസികനിലയെ തിരിച്ചുകൊണ്ടുവരാനായി സ്വയം പരിശ്രമിച്ചാൽ മാത്രമേ അതിൽ നിന്നുമൊരു മോചനമുള്ളൂ എന്ന്. സത്യമാണ്.

നമ്മുടെ അവസ്ഥയുടെ ‘റൂട്ട് കോസ്’ സ്വയം തിരിച്ചറിഞ്ഞേ പറ്റുള്ളൂ. അത് അറിയാൻപറ്റാത്തവർക്കാണ് ക്ലിനിക്കൽ അസിസ്റ്റൻസ് ആവശ്യമായി വരുന്നത്. വിഷാദത്തെൽ പെട്ടുപോയി എന്നു തോന്നുന്നവർക്ക് ക്ലിനിക്കൽ അസിസ്റ്റൻസ് ആവശ്യമാണ് എന്ന് തോന്നിയാൽ ഒട്ടും സങ്കോചപ്പെടാതെ തന്നെ അതിലേക്കുപോകണം. അംഗീകരിക്കുക; ഇതാണ് യാഥാർത്ഥ്യമെന്ന്.. ഈ നിമിഷത്തെയും എനിക്ക് അതിജീവിച്ചേ പറ്റുള്ളൂ എന്ന്.അതുകൊണ്ട് ആദ്യം ചെയ്തത് എന്റെ സോഷ്യൽമീഡിയ റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ‘സെപറേറ്റഡ്’ എന്ന് ചേർക്കുകയായിരുന്നു. വിവാഹിതനാണോ എന്ന് ചോദിച്ചവരോട് ‘വേർപിരിഞ്ഞു’ എന്നുതന്നെ പറഞ്ഞു. ഒരിക്കൽപ്പോലും തുടർവിശദീകരണം നടത്തിയില്ല. ആരെക്കുറിച്ചും ഒരു മോശം കാര്യവും പറഞ്ഞുമില്ല. കാരണം ആരോപണങ്ങളും ചെളിവാരിയെറിയലുകളും എത്രത്തോളം വേദനിപ്പിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. എന്റെ അച്ഛനുമമ്മയും അമ്മമ്മയും അനിയനും ചേട്ടനും ചേച്ചിയും ചുരുക്കം ചില സുഹൃത്തുക്കളുമെല്ലാം നേരിട്ടും ഫോണിൽക്കൂടിയും ആശ്വസിപ്പിക്കുമായിരുന്നു. അവരൊക്കെ എന്റെ ഏറ്റവും ബലഹീനമായ അവസ്ഥ കണ്ടവരാണ്.

കഴിഞ്ഞ രണ്ടര മൂന്നുമാസത്തിനിടെ സംഭവിച്ച കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു എന്നേയുള്ളൂ. ഡിപ്രഷനിൽ പെട്ടുപോയവർ അത് പൂർണ്ണമായ ശേഷം മാത്രമേ സമൂഹത്തോട് വിളിച്ചുപറയാറുള്ളൂ. ഞാൻ ഇതുപറഞ്ഞത് ചിലർക്കെങ്കിലും വിചിത്രമായിത്തോന്നാം. ഇപ്പോഴും പഴയ എന്നെ എനിക്കു തിരിച്ചുകിട്ടിയിട്ടൊന്നുമില്ല. പതുക്കെപ്പതുക്കെ എല്ലാറ്റിൽ നിന്നും കരകയറണം. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കണം..

എല്ലാം നഷ്ടപ്പെട്ടുപോയി എന്നു തോന്നുന്നിടത്തു നിന്നും പ്രത്യാശയോടെ എന്തെങ്കിലും ചെയ്യാൻ പറ്റണം.. എന്റെ അവസ്ഥയിൽ പെട്ടുപോയവരോ എന്നെക്കാൾ മോശമവസ്ഥയിൽ പെട്ടുപോയവരോ നിരവധിപ്പേരുണ്ടാകും. ഒരിക്കലും നമ്മുടെ ജീവിതം അവസാനിപ്പിക്കാനായി തോന്നരുത്..

ജീവിതം കൈവിട്ടുപോകുന്നു എന്ന് തോന്നിയപ്പോൾ ചിന്തിച്ചത് ഞാൻ ഇല്ലാതായാലും ഇവിടെ എന്താണ് സംഭവിക്കുക എന്നാണ്.. ഒന്നും സംഭവിക്കുകയില്ല. നഷ്ടപ്പെടുന്നത് നമ്മളെ സ്നേഹിക്കുന്നവർക്കു മാത്രമാണ്.. ഇത്രയും കാലം നമുക്കുവേണ്ടി ജീവിച്ചിരുന്നവരേക്കൂടി എന്നെന്നേയ്‌ക്കുമായി വിഷമത്തിലാക്കിയിട്ട് ഒന്നും നഷ്ടപ്പെടുത്തരുത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button