KeralaLatest NewsNews

‘ബന്ധുക്കൾക്ക് ജോലി വാങ്ങി നൽകുന്ന രീതി പാർട്ടിക്ക് ദോഷം ചെയ്യും’: കുറ്റസമ്മതവും കുറ്റപ്പെടുത്തലും ഒരുമിച്ച്

തിരുവനന്തപുരം: നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്ന ആരോപണങ്ങൾ പരോക്ഷമായി സമ്മതിച്ച് സി.പി.എം. ഈ പ്രവർത്തിയിലൂടെ പൊതുസമൂഹത്തിൽ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നുണ്ടെന്ന് സി.പി.എം വിലയിരുത്തൽ. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാമെന്ന മനോഭാവം ശരിയല്ല, സ്ഥാനമാനങ്ങൾ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കൾ ഉപേക്ഷിക്കണമെന്നും സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തൽ രേഖയിൽ പരാമര്‍ശം.

ബന്ധു നിയമന വിവാദം മുൻപെങ്ങുമില്ലാത്ത വിധം സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കുമ്പോഴാണ് തൊഴിൽ ഒരു അവകാശമല്ലെന്ന് നേതാക്കളെ ഓര്‍മ്മിപ്പിക്കുന്ന തെറ്റു തിരുത്തൽ രേഖയുടെ വിശദാംശങ്ങൾ പുറത്ത് വരുന്നത്. ഉത്തരവാദപ്പെട്ട ഘടകങ്ങളിലെത്തിയാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി വാങ്ങികൊടുക്കുകയെന്നത് ചിലര്‍ അവകാശമായി കാണുന്നു. ഇത്തരം പ്രവര്‍ത്തനം പാര്‍ട്ടിക്ക് ആകെ വലിയ അവമതിപ്പ് ഉണ്ടാക്കുന്നതാണ്. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ പാർട്ടി നേതാക്കൾ തട്ടിയെടുത്തതെന്ന വികാരമാണ് ഉണ്ടാകുന്നത്. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകൽച്ചക്കും സംരക്ഷണം അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടുന്നില്ലെന്ന തോന്നലിലേക്കും ഇത് വഴിയ്ക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങൾക്കെതിരെ കര്‍ശന നടപടിയും തെറ്റുതിരുത്തൽ രേഖ നിര്‍ദ്ദേശിക്കുന്നു.

നല്ല മാതൃകയായി യുവ കേഡര്‍മാരെ വളര്‍ത്തിയെടുക്കാനുള്ള ബാധ്യതയും സംഘടനാരംഗത്ത് ഏറ്റെടുക്കേണ്ട അടിയന്തര കടമകൾ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ രേഖ വ്യക്തമാക്കുന്നു. നേതാക്കളുടെ അടുത്ത ബന്ധുക്കളുൾപ്പെട്ട നിയമന വിവാദങ്ങൾ മുതൽ തിരുവനന്തപുരം നഗരസഭയിൽ കരാര്‍ നിയമത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്ന സംഭവത്തിന്റെ വരെ പശ്ചാത്തലത്തിലാണ് തെറ്റുതിരുത്തൽ രേഖ നിര്‍ദ്ദേശങ്ങളുടെ പ്രസക്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button