കോതമംഗലം: ഛർദിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുട്ടമ്പുഴ സ്വദേശി കറുകടത്ത് വാടകക്ക് താമസിക്കുന്ന മറ്റനായിൽ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകൾ അശ്വതി(15)യാണ് മരിച്ചത്. മാതിരപ്പിള്ളി ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.
അശ്വതി കഴിഞ്ഞ ആറിന് രാവിലെ സ്കൂളിൽ ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് ഛർദി അനുഭവപ്പെട്ടത്. തുടർന്ന്, വീട്ടുകാർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച അശ്വതിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ അവശനിലയിലായ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കിഡ്നി ഉൾപ്പടെ ആന്തരികാവയങ്ങൾ പ്രവർത്തനരഹിതമായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. രക്തസാമ്പിൾ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിനുള്ളിൽ വിഷാംശമുണ്ടെന്ന സൂചനയിൽ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാനുകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ഇന്ന് രാവിലെ 10.30ന് സ്കൂളിലെ പൊതുദർശനത്തിന് ശേഷം കറുകടത്തെ വീട്ടിലെത്തിയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് ശേഷം മൂന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ നടക്കും. സഹോദരി ആതിര.
Post Your Comments