കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണമാണെന്ന ആരോപണവുമായി ശ്രീലക്ഷ്മി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശിനെതിരെ പോലീസ് കേസെടുത്തിരുന്നു. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപ് നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ, പരാതിക്ക് പിന്നാലെ തന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് യുവതി പറയുന്നു. എന്നാൽ, ശ്രീലക്ഷ്മിയെ പരിഹസിച്ച് ആകാശ് രംഗത്തെത്തി. അക്കൗണ്ട് ഹാക്ക് ചെയ്തതാകും എന്നാണ് ആകാശ് കമന്റ് ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീലക്ഷ്മി പരാതിയുമായി പോലീസിനെ സമീപിച്ചത്.
‘എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ സ്ക്രീന്ഷോട്ട് ഉണ്ടാക്കിയിട്ട് പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. എന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നിർമിച്ചു എനിക്കും എന്റെ കുടുംബത്തിനെതിരും അധിക്ഷേപ കമന്റുമായി എന്റെ പോസ്റ്റിൽ വന്ന ഐഡിക്ക് എതിരെയും പരാതി കൊടുത്തിട്ടുണ്ട്. പരാതി കൊടുത്തതിന്റെ ഭാഗമായി പിന്നെയും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന്റെ തുടർച്ച എന്നോണമാണ് എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തുകൊണ്ടുള്ള വ്യാജ പ്രൊഫൈലിൽ നിന്നുമുള്ള ഇത്തരം വ്യാജ നിർമിതികൾ. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും’, യുവതി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് എം.പി ജയരാജൻ രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും, ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റിലൂടെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ നേതാവിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തൽ. പിന്നാലെ ആകാശിനെ തള്ളി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഡിവൈഎഫ്ഐയും രംഗത്ത് വന്നു.
Post Your Comments