തിരുവനന്തപുരം: യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്)പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വ്യവസ്ഥകൾ പ്രകാരമാണ് ഭൂമി അനുവദിക്കുക.
Read Also: ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കും: കെ സുധാകരൻ
ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് നിലവിൽ കണ്ടെത്തിയതും ഇനി തെരഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സർക്കാർ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നൽകുക.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിൽ 56500-118100 രൂപ ശമ്പള നിരക്കിൽ ഒരു എൻവയോൺമെന്റ് ഓഫീസറുടെയും 51400-110300 ശമ്പള നിരക്കിൽ 2 അസിസ്റ്റന്റ് എൻവയോൺമെന്റ് ഓഫീസർമാരുടെയും തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
നിയമനം :
സംസ്ഥാന പട്ടിക ജാതി – പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വി.പി. സുബ്രഹ്മണ്യനെ രണ്ടുവർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.
കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്പെഷ്യൽ ഓഫീസറുടെ നിയമന കാലാവധി 31.12.2023 വരെ ദീർഘിപ്പിക്കും.
ദീർഘകാല കരാർ അംഗീകരിച്ചു :
ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിലെ തൊഴിലാളികളുടെ 1.07.2017 മുതൽ 30.06.2022 വരെയുള്ള ദീർഘകാല കരാർ അംഗീകരിക്കാൻ തീരുമാനിച്ചു.
മുദ്രവിലയിൽ ഇളവ് :
തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെല്ലായി വില്ലേജിൽ ഭൂരഹിത തൊഴിലാളികുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിന് സ്ഥലം നൽകുന്ന പദ്ധതിയിൽ 8 ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകുന്നതിന് മുദ്രവിലയിനത്തിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവർക്കാണ് ഇളവ്. പരമാവധി 90,064 രൂപയാണ് ഇളവ് നൽകുക. രജിസ്ട്രേഷൻ ഫീസിൽ പരമാവധി 22,516 രൂപ ഇളവ് നൽകും.
ആഗിരണം ചെയ്യും :
തൃശൂർ വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ നാലുപേരെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് സർവ്വീസിലേക്ക് ആഗിരണം ചെയ്യാൻ തീരുമാനിച്ചു.
എക്സ്ഗ്രേഷ്യ :
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2021-22 വർഷത്തെ എക്സ്ഗ്രേഷ്യ അനുവദിക്കാൻ തീരുമാനിച്ചു. 14600 രൂപയാണ് അനുവദിക്കുക.
കിഫ്ബി ധനസഹായം :
വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച്ച് -2) സാമ്പത്തിക വികസന മേഖലകൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70.7 ഏക്കർ ഭൂമി 61.58 കോടി രൂപ ചിലവിൽ ഏറ്റെടുക്കാൻ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തിൽ അനുമതി നൽകി.
Read Also: തിരുവനന്തപുരത്ത് വെള്ളം ചോദിച്ചെത്തിയ 42കാരന്‍ എൺപതുകാരിയെ ബലാത്സംഗം ചെയ്തു: വൃദ്ധ ആശുപത്രിയിൽ
Post Your Comments