KeralaLatest NewsNews

ആറ്റുകാല്‍ പൊങ്കാല : മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്ക്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എല്ലാ ഭക്ഷണസ്ഥാപനങ്ങളും പ്രദര്‍ശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനങ്ങളില്‍ സൂക്ഷിക്കണമെന്നും പരിശോധനവേളയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Read Also: മുൻകാമുകൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി: പ്രവാസി യുവതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

ഭക്ഷ്യസംരംഭകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയില്‍ ഭക്ഷ്യസംരംഭകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി സംരംഭകന്റെ പേര്, ഫോണ്‍നമ്പര്‍, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍, അക്ഷയകേന്ദ്രങ്ങള്‍ വഴി മുന്‍കൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.

ഹോട്ടല്‍ / റസ്റ്ററന്റ് ഉടമകള്‍ ഭക്ഷണം തയാറാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നില്‍ക്കരുത്. ഖരമാലിന്യങ്ങള്‍ അടപ്പോടുകൂടിയ പാത്രങ്ങളില്‍ സൂക്ഷിക്കണം.

പാഴ്സല്‍ നല്‍കുവാന്‍, ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പാഴ്സല്‍ പൊതികളില്‍ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കാന്‍ കഴിയുന്ന തിയതി, സമയ പരിധി എന്നിവ രേഖപ്പെടുത്തണം. നിശ്ചിത ഗുണനിലവാരമുള്ളതും കൃത്യമായ ലേബല്‍ രേഖപ്പെടുത്തിയതുമായ ഭക്ഷ്യവസ്തുക്കള്‍ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണം. കൃത്യമായ വിവരങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കള്‍, മിഠായികള്‍, പഞ്ഞി മിഠായികള്‍ എന്നിവ വില്‍ക്കാന്‍ പാടില്ല. ഭക്ഷ്യവസ്തുക്കള്‍ തുറന്ന് വെച്ച് വില്‍ക്കരുത്.

അന്നദാനം ചെയ്യുന്നവര്‍, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാള്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം. ശീതളപാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് നിര്‍മിച്ച ഐസ് വേണം ഉപയോഗിക്കാന്‍. ഫ്രീസര്‍, ഐസ് ബോക്സ്, വൃത്തിയുള്ള പാത്രങ്ങള്‍ എന്നിവയില്‍ മാത്രമേ ഐസ് സൂക്ഷിക്കാന്‍ പാടുള്ളൂ.

പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടില്‍ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ഹോട്ടലുകളില്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലേക്കുള്ള 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button