KeralaLatest NewsNews

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകമടക്കം പലവൃത്തികേടുകളും ചെയ്തു, സിപിഎമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരി

ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല, കൊല ചെയ്യാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും കൊല നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലും: സിപിഎമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍

കണ്ണൂര്‍ : സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി തില്ലങ്കേരി തുറന്നടിച്ചത്. ‘എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്.

Read Also: ആരെയും രക്തസാക്ഷികളാക്കാന്‍ പിണറായി സര്‍ക്കാരിന് താത്പര്യമില്ല: മന്ത്രി ശിവന്‍ കുട്ടി

‘എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും’ ആകാശ് വ്യക്തമാക്കി

കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ് ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍, ആകാശിന് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടര്‍ന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മന:പൂര്‍വ്വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകള്‍ വാര്‍ത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമര്‍ശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു.

 

വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു. മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാര്‍ട്ടി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button