അബുദാബി: തുർക്കിയിലെയും സിറിയയിലെയും ദുരന്ത ബാധിതർക്ക് സഹായ ഹസ്തവുമായി പ്രവാസി സംരംഭകൻ. ഡോ.ഷംഷീർ വയലിൽ എന്ന സംരംഭകനാണ് ദുരന്ത ബാധിതർക്ക് സഹായം നൽകിയത്. 50 ദശലക്ഷം ദിർഹമാണ് ഇദ്ദേഹം ദുരന്ത ബാധിതരെ സഹായിക്കാനായി പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പിന്തുണ നൽകാനായാണ് പ്രഖ്യാപനം.
Read Also: ഓടിയെത്തിയത് തർക്കം പരിഹരിക്കാൻ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ.ഷംഷീർ. എമിറേറ്റ്‌സ് റെഡ് ക്രസന്റിന് അദ്ദേഹം സഹായം കൈമാറി. മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാൻ ആദ്യഘട്ടത്തിൽ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ദുരന്തത്തിനു ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാർപ്പിക്കാനുമുള്ള പ്രവർത്തങ്ങൾക്കും സഹായങ്ങൾ ഉപകരിക്കും.
അതേസമയം, ഭൂചലനം നാശം വിതച്ച മേഖലയിലേക്ക് സഹായം എത്തിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം മാനുഷികതയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് ഡോ.ഷംഷീർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവന. ഭൂകമ്പ ബാധിതർക്കും കുടുംബങ്ങൾക്കുമൊപ്പമാണ് മനസ്. ലോകമെമ്പാടു നിന്നുമുള്ള സഹായങ്ങൾ മേഖലയിലെ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments