രാജ്യത്ത് സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021- 22 കാലയളവിൽ സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി 775.95 കോടി ഡോളറായാണ് ഉയർന്നത്. ഇത്തവണ കോവിഡിന് മുൻപുള്ള കാലയളവിനെക്കാൾ സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി തിരിച്ചെത്തിയിട്ടുണ്ട്. 2019- 20 കാലയളവിൽ 667.9 കോടി ഡോളർ മാത്രമായിരുന്നു സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നും ലഭിച്ച വരുമാനം. എന്നാൽ, 2020- 21 കാലയളവിൽ ലോകമെമ്പാടും കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വരുമാനം 595.7 കോടി ഡോളറായി കുറഞ്ഞിരുന്നു.
രാജ്യത്ത് മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി (എംപെഡ) മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. സമുദ്രോൽപ്പന്ന സംസ്കരണം, കയറ്റുമതി എന്നീ മേഖലകൾക്ക് മികച്ച അടിസ്ഥാന സൗകര്യം, പുത്തൻ സാങ്കേതികവിദ്യ എന്നിവ എംപെഡ ഉറപ്പുവരുത്തുന്നുണ്ട്. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പുറമേ, മൂല്യ വർദ്ധനവ് പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക തുടങ്ങിയ മേഖലകളിലും എംപെഡ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. രാജ്യത്ത് ഇന്ന് 604 സമുദ്രോൽപ്പന്ന സംസ്കരണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
Post Your Comments