Latest NewsKeralaNews

ഓൺലൈൻ റമ്മി കളിക്കാൻ ഗിരീഷ് ഉപയോഗിച്ചത് ലക്ഷങ്ങൾ; പലിശയ്ക്ക് പണമെടുത്തും പണയം വച്ചും കടബാധ്യത, ഒടുവില്‍ ആത്മഹത്യ 

പാലക്കാട്: ഓൺലൈൻ ചൂതാട്ടം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് ആത്മഹത്യ ചെയ്ത പാലക്കാട് എലവഞ്ചേരിയിൽ ഗിരീഷ് ലക്ഷക്കണക്കിന് പണമുപയോഗിച്ചാണ് റമ്മി കളിച്ചതെന്ന് ഭാര്യ വിശാഖ പറഞ്ഞു. സ്വന്തം സമ്പാദ്യവും തന്റെ സ്വർണ്ണാഭരണങ്ങളും, ഒപ്പം പലിശക്ക് പണമെടുത്തും ഗിരീഷ് ഓൺലൈൻ റമ്മി കളിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും ചൂതാട്ടത്തിൽ നിന്ന് ഗിരീഷിനെ തടയാൻ കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു. ഉറക്കമില്ലാതെ മണിക്കൂറുകളോളം വൻ തുക ചിലവഴിച്ച് ഇയാൾ റമ്മി കളിച്ചിരുന്നതായി ഭാര്യ പറഞ്ഞു.

വർഷങ്ങളായി ഉറക്കം തീരെ കുറവായിരുന്ന ഗിരീഷ് പുലർച്ചെ മൂന്ന് മണി വരെ ഗെയിം കളിക്കാറുണ്ട്. പിന്മാറാൻ പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും ഗിരീഷിന് സാധിച്ചില്ലെന്നാണ് ഭാര്യ പറയുന്നത്. നേരത്തെ മൂന്നരലക്ഷത്തോളം രൂപ റമ്മി കളിയിലൂടെ നഷ്ടമായതായി ഗിരീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട് ഭാര്യയുടെ സ്വർണ്ണം പണയപ്പെടുത്തിയും പലിശക്ക് പണം കടമെടുത്തും വരെ കളിച്ചു. പിന്നീട് ബാധ്യതകളുടെ ആശങ്കയേറിയപ്പോൾ മദ്യത്തിനും അടിമപ്പെട്ടുവെന്ന് ഭാര്യ വ്യക്തമാക്കുന്നു.

മറ്റ് കുടുംബപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന ഗിരീഷിന്റെ ജീവിതതാളം തെറ്റിച്ചത് ഓൺലൈൻ ചൂതാട്ടം തന്നെയെന്നാണ് സഹോരൻ സുരേഷ് പറയുന്നത്. കഴിഞ്ഞ സെപ്തംബറിലും ഗിരീഷ് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button