Latest NewsDevotional

ശിവന്റെ ചിഹ്നങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നറിയാം

ശാന്തമായി കാത്തിരിക്കുവാന്‍ കഴിയുന്ന ഒരാള്‍ സ്വാഭാവികമായും ധ്യാനശീലനായിരിക്കും

നന്ദികേശന്‍

സദ്‌ഗുരു : അനന്തമായ കാത്തിരിപ്പിന്‍റെ പ്രതീകമാണ് നന്ദി. ക്ഷമയോടെയുള്ള കാത്തിരിപ്പ് ഭാരതീയ പാരമ്പര്യത്തില്‍ ഏറെ പ്രശംസനീയമായൊരു ഗുണമാണ്. സ്വാസ്ഥമായി, ശാന്തമായി കാത്തിരിക്കുവാന്‍ കഴിയുന്ന ഒരാള്‍ സ്വാഭാവികമായും ധ്യാനശീലനായിരിക്കും,”നാളെ ശിവന്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷനാവും” എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്. അദ്ദേഹം ഒന്നും തന്നെ ആശിക്കുന്നില്ല. അനന്തമായ കാത്തിരുപ്പ് അതുതന്നെയാണ് നന്ദിയുടെ തപസ്സ്, അതൊരു വിശേഷ ഗുണമാണ്, സ്വീകാര്യക്ഷമതയാണ് അത് സൂചിപ്പിക്കുന്നത് . ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പേ നമ്മുടെ മനസ്സും നന്ദിയുടേതുപോലെയാവണം. തികച്ചും ശാന്തവും ശുദ്ധവുമായ മനസ്സ്. ആഗ്രഹങ്ങള്‍ തീര്‍ത്തും ഒഴിഞ്ഞ് ശിവനില്‍ ലയിച്ച മനസ്സ്, സ്വര്‍ഗ പ്രാപ്തിയോ, സുഖാനുഭവങ്ങളൊ ഒന്നും ചിന്തകളെ കലുഷമാക്കുന്നില്ല. ഭഗവാന്‍റെ മുമ്പില്‍ നിശ്ചിന്തനായി കാത്തിരിക്കാനുള്ള അവസരം അതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം.

ധ്യാനമെന്നാല്‍ ഒരു പ്രവൃത്തി എന്നാണ് പലരുടേയും ധാരണ. അത് തെറ്റാണ്. ധ്യാനം ഒരു കര്‍മ്മമല്ല, ഗുണമാണ്, യോഗ്യതയാണ്. പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ഈശ്വരനുമായി സംസാരിക്കുകയാണ് ചെയ്യുന്നത്. ധ്യാനത്തില്‍ നമ്മള്‍ ശ്രമിക്കുന്നത് ഭഗവാന് പറയാനുള്ളത് കേള്‍ക്കാനാണ്. സ്വന്തം ജീവിതത്തിന്‍റെ വാക്കുകള്‍ക്കായി നമ്മള്‍ കാതോര്‍ക്കുന്നു, പതുക്കെ ശ്രദ്ധ പ്രപഞ്ചമെന്ന മഹാ സൃഷ്ടിയിലേക്കു തിരിയുന്നു, അവിടെനിന്ന് ഈ സൃഷ്ടിയുടെ പുറകിലുള്ള അവിസ്മയകരമായ ചൈതന്യത്തിലേക്ക് മനസ്സ് ചെന്നെത്തുന്നു. അവിടെ നമുക്കൊന്നും പറയാനില്ല, കാതോര്‍ത്തിരിക്കുക മാത്രമേ വേണ്ടു. കേള്‍ക്കാനുള്ളതെല്ലാം സ്വാഭാവികമായി കാതിലേക്കെത്തിക്കൊള്ളും ഇതുതന്നെയാണ് നന്ദി ചെയ്യുന്നത്. പൂര്‍ണ്ണ ശ്രദ്ധയോടെ കാത്തിരിക്കുക. പലരും കാത്തിരിക്കും, ഇടയില്‍ ഉറങ്ങിപോവുകയും ചെയ്യും. അതരുത്. നിതാന്ത ജാഗ്രത അതാണ് നന്ദിയില്‍നിന്നും പഠിക്കേണ്ടത്. അത് ഏറ്റവും പ്രധാനമാണുതാനും. നൂറുശതമാനം ഉണര്‍വോടെ അന്തരാത്മാവില്‍ ലയിച്ചിരിക്കുക. അതാണ് ധ്യാനം. നന്ദി ചെയ്യുന്നതും അതുതന്നെ.

തൃക്കണ്ണ്

പലപ്പോഴും ശിവനെ ത്രയംമ്പകന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. കാരണം, അവിടുത്തേക്ക് മൂന്നാമതൊരു കണ്ണുണ്ട് എന്നുള്ളതാണ്. അതിനര്‍ത്ഥം ശിവന്‍റെ നെറ്റിയില്‍ ഒരു പിളര്‍പ്പുണ്ടായി, എന്തോ ഒന്ന് അതില്‍നിന്നും പുറത്തുവന്നു എന്നൊന്നുമല്ല. മൂന്നാമതൊരു ബോധമണ്ഡലം പ്രകാശിതമായി എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ ബോധം ഉണര്‍ന്ന്, തെളിഞ്ഞ്, വികസിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മുടെ പ്രാണശക്തിയുടെ ഉണര്‍വും വികാസവുമാണ്. അത് പ്രാണോര്‍ജ്ജത്തെ ഉണര്‍ത്തുന്നു, തെളിവുറ്റതാക്കുന്നു, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. അതുവഴി നമ്മുടെ ബോധമണ്ഡലം വികസിക്കുന്നു. ക്രമേണ മൂന്നാംകണ്ണ് തുറക്കുന്നു. മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്‍റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള്‍ കാണാന്‍ മാത്രമുള്ളതാണ്. അനാവശ്യമായ ഒരായിരം വിഷയങ്ങള്‍ മനസ്സിലേക്കെത്തിച്ചുകൊടുക്കുകയാണ് അവയുടെ ജോലി. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല എന്നതാണ് സത്യം.

നിങ്ങളുടെ കണ്ണുകള്‍ ദിവസവും ഒരു നൂറുപേരെ കാണുന്നു, ഇന്നയാള്‍ എന്ന് തിരിച്ചറിയുന്നു. എന്നാല്‍ ആ മനുഷ്യനിലെ ഉണ്‍മയെ – ശിവനെ നിങ്ങള്‍ കാണുന്നില്ല. സ്വന്തം നിലനില്‍പിന് ആവശ്യമായ സംഗതികള്‍ മാത്രമേ ഓരോരുത്തരും മനസ്സിലാക്കുന്നുള്ളൂ. മറ്റൊരു ജീവി മറ്റൊരുവിധത്തില്‍ അതേ വസ്തുവിനെ വിലയിരുത്താം, അതിന്‍റെ നിലനില്‍പിന് ആവശ്യമായ വിധത്തില്‍. ഇതാണ് ലോകസ്വഭാവം, ഇതുതന്നെയാണ് മായ. മായ എന്നാല്‍ അയഥാര്‍ത്ഥം, അടിസ്ഥാനമില്ലാത്തത് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്. ഈ പ്രപഞ്ചവും മായയാണെന്ന് ആരും പറയുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടാണ് അതിനെ മായികമാക്കുന്നത്. അതുകൊണ്ട് യാഥാര്‍ത്ഥ്യം എന്താണെന്നറിയണമെങ്കില്‍, ഈ രണ്ടു കണ്ണുകള്‍ കൂടാതെ മൂന്നാമതൊരു മിഴി തുറക്കേണ്ടതുണ്ട്. കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന, കൂടുതല്‍ തെളിവോടെ കാഴ്ചകള്‍ കാണുന്ന മൂന്നാമത്തെ കണ്ണ്. ആ കണ്ണിനു മാത്രമാണ് ദ്വന്ദാതീതമായ കാഴ്ച സാദ്ധ്യമാവു. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറത്തേക്ക് ആ കണ്ണ് കടന്നുചെല്ലുന്നു. ജീവിതത്തെ അതിന്‍റെ സത്യാവസ്ഥയില്‍ നോക്കിക്കാണുന്നു. സ്വന്തം നിലനില്‍പിനെകുറിച്ചുള്ള ആശങ്ക ആ കാഴ്ചയെ വികലമാക്കുന്നില്ല.

ത്രിശൂലം

ശിവന്‍റെ ത്രിശൂലം പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്‍റെ മൂന്ന് അടിസ്ഥാന മുഖങ്ങളെയാണ്. ഇഡ, പിംഗള, സുഷുമ്നാ ഇവയാണ് ആ മൂന്നു മുഖങ്ങള്‍. ജീവന്‍റെ മൂന്നു തലങ്ങളാണിവ. ഇടത്തും, വലത്തും, നടുവിലുമായി സ്ഥിതിചെയ്യുന്ന മൂന്ന് മൗലീകമായ നാഡികള്‍. ശരീരത്തിലെ പ്രാണമയകോശത്തിലാണ് ഇവയുടെ സ്ഥാനം. പ്രാണന്‍ പ്രവഹിക്കുന്ന ചാലുകളാണ് നാഡികള്‍. മനുഷ്യശരീരത്തില്‍ ആകെ എഴുപത്തിരണ്ടായിരം നാഡികളാണുള്ളത്. അവയടിസ്ഥാനമാക്കിയിരിക്കുന്നത് ഇഡ, പിംഗള, സുഷുമ്നാ എന്നീ മൂലനാഡികളാണ്. പ്രപഞ്ചത്തില്‍ സ്വാഭാവികമായുള്ള ദ്വന്ദഭാവങ്ങളെയാണ് ഇഢയും പിഗളയും പ്രതിനിധീകരിക്കുന്നത്. ഇതിനെത്തന്നെയാണ് ശിവനും ശക്തിയുമായി നമ്മള്‍ പരമ്പരയാ വിശ്വസിച്ചുവരുന്നത്. പ്രപഞ്ചത്തിലെ സ്ത്രീ പുരുഷ സങ്കല്‍പവും ഇതില്‍നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. ലിംഗഭേദമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത് – പ്രകൃതിയില്‍ സ്വാഭാവികമായി കണ്ടുവരുന്ന ചില ഗുണവിശേഷങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യക്തിപരമായി പറയുമ്പോള്‍ ഓരോരുത്തരിലും സഹജമായുള്ള യുക്തിയും ഉള്‍ക്കാഴ്ചയും എന്നു പറയാം.

ഇഡയും പിംഗളയും സമരസപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ലോകജീവിതം ഫലപ്രദവും ആയാസരഹിതവുമായിരിക്കും. ജീവിതത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വ്യക്തിക്കുണ്ടായിരിക്കും. ഭൂരിപക്ഷത്തിന്‍റേയും ആയുഷ്ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്‍ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്ന സാമാന്യമായി ഒതുങ്ങിക്കിടക്കുകയാണ് പതിവ്. എന്നാല്‍, മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായിട്ടുളള ഭാഗം സുഷുമ്നയാണ്. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ് ശരീരത്തില്‍ ജീവസ്പന്ദനമുണ്ടാകുന്നത്. അത് ശരീരത്തില്‍ പ്രത്യേകിച്ചൊരു സമനില നിലനിര്‍ത്തുന്നു. അത് തികച്ചും ആന്തരികമായിട്ടുള്ളതാണ്. ബാഹ്യമായി എന്തുതന്നെ സംഭവിച്ചാലും ഉള്ളിന്‍റെ ഉള്ളിലുള്ള ആ ഇടത്തിന് കോട്ടം തട്ടുന്നില്ല.

ചന്ദ്രന്‍

ശിവന് പേരുകള്‍ അനവധിയുണ്ട്. അതില്‍ വളരെ പ്രചാരമുള്ള ഒന്നാണ് സോമന്‍ അല്ലെങ്കില്‍ സോമസുന്ദരന്‍. സോമന്‍ എന്നാല്‍ സാമാന്യമായി ചന്ദ്രന്‍ എന്നാണര്‍ത്ഥം. എന്നാല്‍ ലഹരി എന്നും സോമ എന്ന വാക്കിനര്‍ത്ഥമുണ്ട്. ശിവന്‍ തന്‍റെ ശിരസ്സിലെ അലങ്കാരമായിട്ടാണ് ചന്ദ്രനെ ഉപയോഗിക്കുന്നത്. സദാ ആത്മലഹരിയില്‍ മുഴുകിയിരിക്കുന്ന മഹായോഗിയാണ് ശിവന്‍, അതേസമയം സദാ ജാഗരൂകനുമാണ്. ലഹരി പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ നല്ലവണ്ണം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. മദ്യപാനികള്‍ പലരും ലഹരിയുടെ രസം മുഴുവനായും നുകരാനായി ഉറങ്ങാതിരിക്കുക പതിവാണ്. ഒരു യഥാര്‍ത്ഥ യോഗിയുടെ നിലയും പൂര്‍ണ ലഹരിയിലാണ്, അതേസമയം പൂര്‍ണമായ ഉണര്‍വിലുമാണ്.

അത് യോഗശാസ്ത്രം നിങ്ങള്‍ക്കു തരുന്ന ഒരു വരദാനമാണ്. ആന്തരികമായി ആനന്ദലഹരിയില്‍ മുങ്ങിയിരിക്കുക, ബാഹ്യമായി നൂറുശതമാനം ഉണര്‍വോടേയിരിക്കുക. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ഒരു ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം ഇങ്ങനെയാണ് മനുഷ്യന്‍റെ മസ്തിഷ്കത്തില്‍ കോടിക്കണക്കിന് (receptive cells) ഉണ്ട് ലഹരി വലിച്ചെടുക്കാനാവുന്ന കോശങ്ങള്‍. ശരീരത്തെ പ്രത്യേകിച്ചൊരു നിലയില്‍ നിര്‍ത്തിയാല്‍ ശരീരം അതിന്‍റേതായ ഒരു ലഹരിപദാര്‍ത്ഥം ഉല്‍പാദിപ്പിക്കും. നമ്മുടെ തലച്ചോര്‍ അത് സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമ്മള്‍ ശാന്തിയും സന്തോഷവും ഉത്സാഹവും വേശവുമൊക്കെ അനുഭവിക്കുന്നതിനുകാരണം ശരീരത്തിനകത്തു നടക്കുന്ന ഈ പ്രക്രിയയാണ്, ബാഹ്യമായൊരു വസ്തുവിന്‍റെ സ്വാധീനം അതിനാവശ്യമില്ല.

സര്‍പ്പം

ചില പ്രത്യേകം ഊര്‍ജങ്ങളുടെ നേരെ ഒരു സര്‍പ്പം പെട്ടെന്ന് പ്രതികരിക്കും. ആ തരത്തിലുള്ള ഒരു സൂക്ഷ്മബോധം അവയ്ക്കുണ്ട്. ശിവന്‍റെ കഴുത്തിനു ചുറ്റുമായി ഒരു സര്‍പ്പം കിടക്കുന്നു. അതിന്‍റെ പിന്നീല്‍ ഒരു ശാസ്ത്രമുണ്ട്. ഊര്‍ജശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അവയില്‍ അടിസ്ഥാന ചക്രങ്ങളായ ഏഴെണ്ണത്തിനെപറ്റി മാത്രമേ സാധാരണയായി പരാമര്‍ശിക്കുന്നുള്ളു. ഈ ഏഴെണ്ണത്തില്‍, വിശുദ്ധി സ്ഥിതിചെയ്യുന്നത് നമ്മുടെ തൊണ്ടക്കുഴിയിലാണ്. ഈ ചക്രത്തിനും സര്‍പ്പത്തിനും തമ്മില്‍ സവിശേഷമായൊരു ബന്ധമുണ്ട്. വിശുദ്ധി വിഷത്തെ തടയുന്നു, സര്‍പ്പം വിഷത്തെ വഹിക്കുന്നു ഇതെല്ലാം പരസ്പരം ബന്ധമുള്ളതാണ്.

വിശുദ്ധി എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അരിച്ചെടുക്കുക എന്നതാണ്. നിങ്ങളുടെ വിശുദ്ധി ചക്രം പ്രബലമാണെങ്കില്‍ അതിനര്‍ത്ഥം ശീരത്തിനകത്തേക്കു പ്രവേശിക്കുന്ന എല്ലാ കാലുഷ്യങ്ങളേയും അതിന് അരിച്ചു മാറ്റാന്‍ കഴിയും എന്നതാണ്. ശിവന്‍റെ കേന്ദ്രഭാഗത്തിലാണ് വിശുദ്ധി സ്ഥിതി ചെയ്യുന്നത്. ശിവന് വിഷകണ്ഠന്‍ എന്നും നീലകണ്ഠന്‍ എന്നും പേരുകളുണ്ട്, കാരണം അവിടുന്ന് വിഷത്തെ അരിച്ചുമാറ്റുന്നവനാണ്. ഒരു വിഷത്തേയും തന്‍റെ ഉള്ളിലേക്കു കടക്കാന്‍ ശിവന്‍ അനുവദിക്കുന്നില്ല. ഭക്ഷണത്തില്‍ കൂടി മാത്രമേ വിഷം അകത്തേക്കു ചെല്ലു എന്നു ധരിക്കരുത്. പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.

നിങ്ങളുടെ വിശുദ്ധിചക്രം പ്രബലമാണെങ്കില്‍ ഒരു വിഷത്തിനും നിങ്ങളെ ബാധിക്കാനാവില്ല. എല്ലാ ദുഷിച്ച സ്വാധീനങ്ങളില്‍നിന്നും അതു നിങ്ങളെ കാത്തുകൊള്ളും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയിലാണൊ വിശുദ്ധിചക്രം സജീവമായിരിക്കുന്നത്, ബാഹ്യമായ ദോഷങ്ങള്‍ എന്തെല്ലാമായാലും അതൊന്നുംതന്നെ അയാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതല്ല. കാരണം അയാളുടെ ആത്മശക്തി അത്രയും പ്രബലമായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത് സ്ഥിരവും ദൃഢവുമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button