മലപ്പുറം: വിവാഹ നിശ്ചയ തലേന്ന് യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളം സ്വദേശി മുഹമ്മദ് അൻസാർ ആണ് അറസ്റ്റിലായത്. ഇയാളുടെ അയൽവാസിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. തമിഴ്നാട് സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുമായി സൗഹൃദം സ്ഥാപിച്ച അൻസാർ വിവാഹ വാഗ്ദാനം നൽകി, വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അടുത്തിടെയാണ് അൻസാർ വിവാഹിതനാകുന്നുവെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ, താൻ വഞ്ചിതയാകുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ യുവതി അൻസാറിനെതിരെ പീഡന പരാതി നൽകുകയായിരുന്നു.
അതേസമയം, പന്തളത്ത് മറ്റൊരു കേസിൽ യുവതിയെ മരക്കഷണംകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കാമുകന് വേണ്ടി ഊർജ്ജിത അന്വേഷണം. പുന്തല തുളസീഭവനത്തിൽ സജിത(40) യുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പോലീസ് തിരയുന്നു. സജിത വിവാഹിതയാണ്. ഭർത്താവുമായി അകന്ന് കഴിയുകയുമായിരുന്നു. തിരുവല്ലയിൽ ഒരു കടയിലെ ജീവനക്കാരിയായിരുന്ന സജിത ഫെയ്സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സജിതയെ പൂഴിക്കാട്ടുള്ള വാടകവീട്ടിൽ തലയ്ക്ക് അടിയേറ്റനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അടിക്കാൻ ഉപയോഗിച്ചിരുന്ന മരക്കഷണം സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. സംഭവത്തിനുശേഷം മൊബൈൽ ഫോൺ ഓഫ് ആക്കിയാണ് ഷൈജു മുങ്ങിയത്.
Post Your Comments