കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനുമമ്മയുമായി തങ്ങളുടെ പേരുചേര്‍ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛനായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുംമുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളേജ് മാതൃ-ശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ടിനും ശനിയാഴ്ച നിവേദനം നല്‍കുമെന്ന് സിയ പറഞ്ഞു.
അടുത്തമാസം മെഡിക്കല്‍ കോളേജിലെത്തുന്ന ആരോഗ്യമന്ത്രിയെ കാണാനുള്ള ആഗ്രഹത്തിലാണ് ദമ്പതിമാര്‍. ദമ്പതിമാര്‍ക്ക് ആധാര്‍കാര്‍ഡും ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍കാര്‍ഡുമുണ്ട്. ‘കുഞ്ഞിനെ പ്രസവിച്ചത് സഹദാണെങ്കിലും അവനാകണം അച്ഛനെന്നാണ് ഞങ്ങളുടെ ആഗ്രഹം.’ സിയ പറയുന്നു. ‘സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡറിന് നല്ലതും ചീത്തയുമായി പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍, ആശുപത്രിയധികൃതരില്‍നിന്ന് കിട്ടുന്ന എല്ലാവിധസഹായവും മാനസികപിന്തുണയും ഏറെ സന്തോഷം നല്‍കുന്നു.
സഹദിനും കുഞ്ഞിനും എല്ലാവിധ പരിചരണവും മരുന്നും സൗജന്യമായി കിട്ടുന്നുണ്ട്. ഇതുവരെ കൂടെനിന്ന ആശുപത്രിയധികൃതരും ആരോഗ്യമന്ത്രിയും ഇക്കാര്യത്തിലും കൂടെയുണ്ടാകുമെന്ന് കരുതുന്നു” -സിയ പറഞ്ഞു. സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയക്കും ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജില്‍ പെണ്‍കുഞ്ഞ് പിറന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലാണെങ്കിലും ജീവശാസ്ത്രപരമായ മാറ്റം ഇരുവരും പൂര്‍ണമായി നടത്തിയിരുന്നില്ല. മൂന്നുവര്‍ഷംമുമ്പാണ് ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാറിടം മുറിച്ചുമാറ്റിയെങ്കിലും ഗര്‍ഭപാത്രം നീക്കിയിരുന്നില്ല. സ്ത്രീയാവാന്‍ സിയ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയെങ്കിലും ലിംഗമാറ്റശസ്ത്രക്രിയ നടത്തിയിരുന്നില്ല.
Post Your Comments