Latest NewsKerala

മലയാളം സർവകലാശാല വിസി നിയമനം: ഗവർണറുടെ നിർദേശം തള്ളി മന്ത്രി ബിന്ദുവിന്റെ അനധികൃത ഇടപെടൽ

തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. ഗവർണർ ഇത് വരെ ഒപ്പിട്ടിട്ടില്ലാത്ത നിയമ പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാൻ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയൽ വിവരം ആണ് ഏഷ്യാനെറ്റ് പുറത്ത് വിട്ടത്. കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിയെ നൽകണം എന്ന ഗവർണറുടെ നിർദേശം മറികടന്നാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

മലയാളം സർവകലാശാല വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങിയത് ചാൻസലറായ ഗവർണറുടെ നിർദേശം തള്ളിയാണെന്നു വ്യക്തമാക്കുന്നതാണ് ഫയലുകൾ. സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് ഫയലിൽ ഉണ്ട്. സർവകലാശാല നിയമപ്രകാരം വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു ജി സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും ഗവർണറുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സെർച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരും സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാൾ ആയിരിക്കരുതെന്ന യു.ജി.സി റഗുലേഷൻ വ്യവസ്ഥയും ഗവർണറുടെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവർണറുടെ കത്ത് ലഭിച്ചിട്ടും സർക്കാർ പ്രതിനിധിയെ നൽകിയില്ല. പകരം സർക്കാർ തലത്തിൽ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ ഒക്ടോബർ 29ന് ഫയൽ ആരംഭിച്ചു. സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ തീരുമാനത്തിനായി സമർപ്പിച്ചു.

എന്നാൽ ഗവർണറുടെ നിർദേശ പ്രകാരം മൂന്നംഗ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരം അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഫയലിൽ എഴുതി. അതുപ്രകാരമുള്ള പ്രതിനിധികളെ ലഭ്യമാക്കി ഫയൽ വീണ്ടും സമർപ്പിക്കാൻ നിർദേശിച്ചു. ഗവർണർ ഒപ്പിടാത്ത ബില്ലിൽ നിർദേശിച്ച ഘടനയിലുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു കഴിഞ്ഞ ജനുവരി ഏഴിന് മന്ത്രി ഫയലിൽ രേഖപ്പെടുത്തിയത്. എന്നാൽ സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ തേടി രാജ്ഭവനിൽ നിന്ന് കത്ത് നൽകിയ കാര്യം വീണ്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തി.

മന്ത്രി നിർദേശിച്ച രീതിയിലുള്ള സെർച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ ചൂണ്ടിക്കാട്ടി. സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യു.ജി.സി റഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും എന്നാൽ വി.സി നിയമനാധികാരിയായ ചാൻസലർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവിൽ തുടർന്നുവരുന്ന രീതിയെന്നും ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തി.

എന്നാൽ താൻ നേരത്തെ ഫയലിൽ രേഖപ്പെടുത്തിയതു പ്രകാരമുള്ള അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി ഫയലിൽ ആവർത്തിച്ച് നിർദേശം നൽകി. ഇതുപ്രകാരമാണ് ഗവർണറുടെ നിർദേശം നിലനിൽക്കെ സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ കത്ത് നൽകിയത്. ഈ കത്തിനു ഇത് വരെ രാജ്ഭവൻ മറുപടി നൽകിയിട്ടില്ല. സർക്കാരിന്റെ ബില്ലിൽ ഗവർണർ ഇത് വരെ ഒപ്പിട്ടിട്ടുമില്ല. ഈ മാസം അവസാനം ആണ് മലയാളം വിസിയുടെ കാലാവധി തീരുന്നത്.

ന്യൂസിന് കടപ്പാട്: ഏഷ്യാനെറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button