ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെയും പോലെ ഇന്ത്യ തന്റേത് കൂടിയാണെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മഹ്മൂദ് മഅ്ദനി. രാജ്യതലസ്ഥാനത്തെ രാംലീല മൈതാനിയിൽ നടന്ന ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മഅ്ദനി. പ്രധാനമന്ത്രിയെക്കാളും മോഹൻ ഭഗവതിനേക്കാളും ഒരുപടി മുന്നിലാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ രാജ്യത്തെ ഏറ്റവും പുരാതനമായ മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ നമ്മുടെ രാജ്യമാണ്, ഈ രാജ്യം നരേന്ദ്ര മോദിയുടെയും മോഹൻ ഭഗവതിന്റെയും പോലെ മഹ്മൂദ് മദനിയുടെതാണ്. മഹ്മൂദ് അവരെക്കാൾ ഒരു ഇഞ്ച് മുന്നിലാണ്, അവർ മഹ്മൂദിനെക്കാൾ ഒരു ഇഞ്ച് മുന്നിലല്ല. ഈ ഭൂമി മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ്. ഇസ്ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും പഴക്കമുള്ള മതമാണ് ഇസ്ലാം. നിർബന്ധിത മതപരിവർത്തനത്തിന് തങ്ങൾ എതിരാണ്. എന്നാൽ, ഇന്ന് സ്വമേധയാ മതം മാറുന്ന ആളുകളെയും കള്ളക്കേസുകൾ ചുമത്തി ജയിലിലേക്ക് അയക്കുന്നു. അത് തെറ്റാണ്.
മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും അത്യാഗ്രഹത്തിലൂടെയും മതപരിവർത്തനത്തിന് നിൽക്കുന്നത് ശരിയല്ല, ഞങ്ങൾ അതിനെതിരാണ്. നമാസ് നിരോധനം പോലുള്ള കാര്യങ്ങൾ ലക്ഷ്യമിട്ട് നിരവധി ഏജൻസികൾ മുസ്ലീം സമുദായത്തെ താറടിച്ച് കാണിക്കുന്നുണ്ട്. ബുൾഡോസർ നടപടിയെല്ലാം അതിന്റെ മറ്റൊരു വശം മാത്രം’, അദ്ദേഹം പറഞ്ഞു.
ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനം വെള്ളിയാഴ്ച ഡൽഹിയിൽ ആരംഭിച്ചു. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്, യൂണിഫോം സിവിൽ കോഡ്, മതസ്വാതന്ത്ര്യം, മുസ്ലീം വ്യക്തിനിയമം, മദ്രസകളുടെ സ്വയംഭരണം എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യും. കൂടാതെ, സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്‌ലിംകൾക്ക് സംവരണം നൽകാനുള്ള നിർദ്ദേശം കൊണ്ടുവരാനും ശ്രമം നടക്കും. ജാമിഅത്തിന്റെ 34-ാമത് സെഷനിൽ, മത സാഹോദര്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ, വിദ്വേഷ പ്രചാരണങ്ങൾ തടയുന്നതിനുള്ള സംരംഭങ്ങൾ എന്നിവയും അജണ്ടയുടെ ഭാഗമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംഘടനയാണ് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്. മുസ്ലീങ്ങളുടെ പൗര, മത, സാംസ്കാരിക, വിദ്യാഭ്യാസ അവകാശങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രസിഡന്റ് മഹ്മൂദ് മഅ്ദനി ആണ്. മുസ്‌ലിംകളുടെ ഏറ്റവും വലിയ സംഘടനയാണ് ഇതെന്ന് ജാമിയത്ത് അവകാശപ്പെടുന്നു.
Post Your Comments