തിരുവനന്തപുരം: കേരളത്തിന്റെ കടത്തിന്റെ വളർച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കടം വളർന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. ഈ കണക്കുകൾ കടവർദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തൽപ്പരകക്ഷികൾ വെച്ച കെണിയിൽ ഒരാളും പെടാൻ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകൾ വസ്തുതകളെ തുറന്നുകാട്ടുമ്പോൾ കടക്കെണി എന്ന പ്രചാരണം ഏറ്റെടുത്തവർക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. 2021-22 ൽ 22.41 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളർച്ചാനിരക്ക് 25.11 ശതമാനമാണ്.
ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സർക്കാരിന്റെ മൂലധന ചെലവുകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ കാരണം സാധ്യമായ ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കും കാരണമാണ്.
Post Your Comments