Latest NewsKeralaNews

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 10 മുതൽ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. സംസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികൾ ഇതിലൂടെ യാഥാർത്ഥ്യമാകും. ആകെ 1284 പ്രോജക്റ്റുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങൾ പരിപാടിയുടെ ഭാഗമായുള്ള വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളിൽ പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നടത്തും.

ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കും. വ്യവസായ വകുപ്പിൻറെ പദ്ധതിയായ  ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പിൽ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button