Latest NewsKerala

കനാലിൽ നഗ്നനായി മരിച്ചു കിടന്ന അനന്തുവിന്റേത് കൊലപാതകം: ഭാര്യയുമായി അവിഹിതമെന്നു സംശയം, അയൽവാസി അറസ്റ്റിൽ

പത്തനംതിട്ട: കനാലിൽ യുവാവി​ന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28) ആണ് മരിച്ചത്. സംഭവത്തിൽ കലഞ്ഞൂര്‍ കടുത്ത സ്വദേശിയുമായ ശ്രീകുമാര്‍ ആണ് പിടിയിലായത്. ഭാര്യയും അനന്തുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് അനന്തുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കല്ലട കനാലില്‍ 28 കാരനായ അനന്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. പുലർച്ചെയോടെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.

പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു. രണ്ട് ദിവസം മുൻപ് അനന്തുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തിൽ അസ്വഭാവിക മുറിവുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.

തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതും പൊലീസിന് കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പില്‍ രക്തക്കറകളും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി മുതൽ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button