കോഴിക്കോട്: ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുണ്ട്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും അവർ നേരിട്ട നിയമനടപടികൾ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി. പിന്നീടാണ് സഹദ് ഗർഭം ധരിക്കാമെന്ന ആശയം ഇരുവരിലേക്കും എത്തുന്നത്. സമൂഹം പറയാൻ പോകുന്ന പല കുത്തുവാക്കുകളേയും ഓർത്ത് ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നന്നേക്കുമായി ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്ക് തിരിച്ച് പോരുക എന്നതും വെല്ലുവിളിയായിരുന്നു.
എന്നാൽ, കുഞ്ഞ് എന്ന അടങ്ങാത്ത ആഗ്രഹാണ് സഹദിനെ ആ തീരുമാനത്തിലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാർച്ച് 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.
Post Your Comments