ആമ്പല്ലൂർ: മുക്കുപണ്ടം പണയംവെച്ച് വൻതുക തട്ടിയ യുവാവ് പൊലീസ് പിടിയിൽ. ചിറ്റിശ്ശേരി കരുവാൻ വീട്ടിൽ ജയരാജാണ് (44) അറസ്റ്റിലായത്. പുതുക്കാട് പൊലീസ് ആണ് പിടികൂടിയത്.
ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പാഴായിയിലെ സ്വർണ പണയ സ്ഥാപനത്തിൽ 23 ഗ്രാം വരുന്ന വ്യാജ സ്വർണമാല പണയം വെച്ച് 92,000 രൂപ തട്ടിയെന്നാണ് കേസ്.
ഇയാൾ വ്യാജ വിലാസവും തിരിച്ചറിയൽ രേഖകളും നൽകിയാണ് ആഭരണം പണയം വെച്ചത്. പ്രതി പണവുമായി പോയശേഷം സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാരൻ മാല വീണ്ടും പരിശോധിക്കുകയായിരുന്നു. മെഷീൻ ഉപയോഗിച്ച് പരിശോധിച്ചിട്ടും ഉരച്ചു നോക്കിയിട്ടും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ആഭരണം നിർമിച്ചിരുന്നത്.
തുടർന്ന്, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പുതുക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരാൾക്ക് വേണ്ടിയാണ് പ്രതി ആഭരണം പണയം വെച്ചതെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
പ്രതികൾ മറ്റിടങ്ങളിൽ ഇത്തരത്തിൽ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. പുതുക്കാട് എസ്.ഐ കെ.എസ്. സൂരജ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ സുധീഷ്, എ.എസ്.ഐ വിശ്വനാഥൻ, സി.പി.ഒമാരായ ജെറിൻ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments