KeralaLatest NewsIndia

അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലാത്തത് കൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചത്- ഹജ്ജ് വിവാദത്തിൽ അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഇനി ഹജ്ജിന് പോയാല്‍ മതിയെന്നും ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിന് പോകേണ്ടതില്ലെന്നും എ.പി.അബ്ദുള്ളക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. പുതിയ ഹജ്ജ് നയത്തില്‍ വിഐപി ക്വാട്ട നിര്‍ത്തലാക്കിയിരുന്നു. മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ് ഇത്തവണ ബാഗ്, കുട തുടങ്ങിയ വസ്തുക്കള്‍ ഹജ്ജ് കമ്മിറ്റി വാങ്ങി നല്‍കേണ്ടതില്ലെന്ന തീരുമാനം താന്‍ എടുത്തത്. എല്ലാം സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുമായും മത പണ്ഡിതരന്‍മാരുമായും താനും മന്ത്രി സ്മൃതി ഇറാനിയും ചര്‍ച്ച നടത്തിയിരുന്നു. അവരുടെ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ ഹജ്ജ് നയമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലാത്തത് കൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചത്. വിഐപി ക്വാട്ട ഉണ്ടായിരുന്നപ്പോള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ 50 ആയിരുന്നു കഴിഞ്ഞ തവണ എന്റെ ക്വാട്ട. ബന്ധുക്കളും മറ്റുമായി 5000 പേരെങ്കിലും എന്നെ ബന്ധപ്പെട്ടു.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ക്വാട്ടയില്‍ നിന്ന് ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു. 25 പോയിട്ട് ഒന്ന് പോലും തരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ക്വാട്ടയിലുള്ളത് വെയ്റ്റിങ്‌ലിസ്റ്റിലുള്ളവരുടെ ജനറല്‍ പൂളില്‍ കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് മോദി അന്ന് ഞങ്ങളെ പഠിപ്പിപ്പത്. എത്ര ദീനിയായ പ്രവര്‍ത്തനമാണിത്’ അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒരു വിമാനം നിറയെ വിവിഐപികളുമായി ഹജ്ജിന് പോയിരുന്നു. അവസാനം പോയി ആദ്യം ഇവര്‍ തിരിച്ചെത്തും. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, ഇത് ഹലാലായ ഹജ്ജാണോ എന്ന് ചിന്തിക്കണം. ഹറാമാണെന്ന് താന്‍ മുന്നേ പറഞ്ഞിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button