തിരുവനന്തപുരം: ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന്റെ ധാർഷ്ട്യം മുട്ടുമടക്കുമെന്നും വെള്ളക്കരം വർദ്ധിപ്പിച്ചതും ഇന്ധന സെസ് ഏർപ്പെടുത്തിയതും പിണറായി വിജയന് പിൻവലിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് ഇന്ധന സെസ് പിൻവലിക്കേണ്ടന്ന നിലപാട് പിണറായി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനം ബുദ്ധിമുട്ടിയാലും വേണ്ടില്ല, തന്റെ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന ഏകാധിപത്യ മനോഭാവമാണ് പിണറായിക്ക്. എന്നാൽ ജീവിതം വഴിമുട്ടി, നിവർത്തിയില്ലാതെ പെടാപ്പാടുപെടുന്ന ജനങ്ങളുടെ രോഷം കത്തിപ്പടരുമ്പോൾ പിണറായിക്ക് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാതിരിക്കാനാകില്ലെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
നാലിരട്ടിയോളമാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്. ജനങ്ങളെ പിഴിഞ്ഞ് കാര്യങ്ങൾ നടത്താനാണ് തീരുമാനം. കുടിശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാതെ ജനങ്ങളിലേക്ക് ഭാരം കയറ്റിവെക്കുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ പാവപ്പെട്ടവന്റെ മുഖത്ത് ചെളിവെള്ളം കോരിയൊഴിക്കുകയാണ്. നിയമസഭയിൽ വിഡ്ഢിത്തം പറഞ്ഞ് പരിഹാസ്യനാകുന്ന മന്ത്രിക്ക് സാധാരണക്കാരന്റെ വികാരങ്ങൾ ജനങ്ങൾ തന്നെ മനസ്സിലാക്കിക്കൊടുക്കുന്ന സമയം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ധനമന്ത്രി ബജറ്റിൽ എല്ലാമേഖലയിലും നികുതി വർദ്ധിപ്പിക്കുകയും ഇന്ധന വില കൂട്ടുകയും ചെയ്തപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജലവിഭവ മന്ത്രി വെള്ളത്തിന്റെ നിരക്ക് കൂട്ടിയത്. വൈദ്യുത മന്ത്രി വൈദ്യുതിയുടെ നിരക്കും വർദ്ധിപ്പിച്ചു. നാടിതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ വിലക്കയറ്റത്തെയാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിനവും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ ജനം വലയുന്നു. കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന പരാതിയാണ് ധനമന്ത്രിക്ക്. കടമെടുത്ത് ധൂർത്തടിച്ച ശേഷം അത് തിരിച്ചടക്കാനാകാതെ, ഇത്തരത്തിൽ ജനത്തിനുമേൽ അധികഭാരം കയറ്റിവച്ച് എത്രനാൾ മുന്നോട്ടുപോകാനാകുമെന്ന് ചിന്തിക്കണം. വെള്ളക്കരം വർദ്ധനയും ഇന്ധന സെസും പിൻവലിക്കുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ജനരോഷത്തിനു മുന്നിൽ സർക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
Post Your Comments