നിരവധി വിദേശ ടൂറിസ്റ്റുകളെ കൊന്നതിന്റെ പേരിൽ ഇന്ത്യയിലും നേപ്പാളിലും ദീർഘകാലം തടവിൽ കഴിഞ്ഞ ചാൾസ് ശോഭരാജ് താൻ നിരപരാധിയാണെന്നും, ആരെയും കൊന്നിട്ടില്ലെന്നും അവകാശവാദമുന്നയിച്ച് രംഗത്ത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ചാള്‍സിനെ നേപ്പാള്‍ ജയില്‍ മോചിതനാക്കി ഫ്രാന്‍സിലേക്ക് നാടുകടത്തിയത്. മയക്കുമരുന്ന് കച്ചവടം, മോഷണം, കൊലപാതകം ഒക്കെയാണ് ഇയാളുടെ പേരിലുണ്ടായിരുന്ന കുറ്റങ്ങൾ. ഇതിൽ കൊലപാതകം മാത്രം താൻ ചെയ്തിട്ടില്ലെന്നാണ് സീരിയൽ കില്ലർ ആയി അറിയപ്പെടുന്ന ചാൾസ് ഇപ്പോൾ പറയുന്നത്. ലെ മോണ്ടെ എന്ന ഫ്രഞ്ച് മാധ്യമത്തോടായിരുന്നു ചാൾസിന്റെ പ്രതികരണം.
150 തിലധികം ആളുകൾക്ക് മയക്കുമരുന്ന് നൽകി അവരുടെ പാസ്പോർട്ട് അടക്കമുള്ള വസ്‌തുക്കൾ താൻ മോഷ്ടിച്ചിട്ടുണ്ടെന്നും എന്നാൽ, ജീവിതത്തിൽ ഇന്നേ വരെ താൻ ആരെയും കൊന്നിട്ടില്ലെന്നുമാണ് ചാൾസ് പറയുന്നത്. 1970 കളിൽ ഇന്ത്യയിലും തായ്‌ലാൻഡിലുമായി നിരവധി ടൂറിസ്റ്റുകളെ കൊന്നുവെന്നതും ഇയാൾ നിഷേധിക്കുന്നു. താൻ കൊലപാതകിയല്ലെന്ന് തെളിയിക്കുമെന്നും ചാൾസ് വെല്ലുവിളിച്ചു. ഫ്രാൻസിൽ തിരിച്ചെത്തിയിട്ടും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ചാൾസ് പറയുന്നത്.
നേരത്തെ, ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ എഴുതുമെന്നും ചാൾസ് ശോഭരാജ് വ്യക്തമാക്കിയിരുന്നു. 2016 ല്‍ തന്റെ ജയില്‍മോചനം ഉറപ്പായ സമയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തില്‍ ആണ് ചാൾസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്‌സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിർണമാണങ്ങളിലും പങ്കാളി ആകണം. ഒരു പുസ്തകം കൂടി എഴുതണം’ എന്നതൊക്കെയാണ് ചാൾസിന്റെ ഭാവി പരിപാടികൾ. പാരീസില്‍ ചാള്‍സിന് ഒരു മകളുണ്ട്. നേപ്പാളിലായിരുന്നപ്പോള്‍ തന്റെ അഭിഭാഷകന്റെ മകളെ ചാള്‍സ് വിവാഹം ചെയ്തിരുന്നു.
Post Your Comments