മലപ്പുറം: മലപ്പുറത്ത് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ ലഹരി മരുന്ന് കടത്ത് സംഘങ്ങൾ പിടിയിൽ. രണ്ടിടങ്ങളിൽ നിന്നായി 4 പേരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. കൊണ്ടോട്ടി, വഴിക്കടവ് പോലീസ് ആണ് ലഹരികടത്ത് സംഘത്തെ പിടികൂടിയത്.
കൊണ്ടോട്ടിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. കൊണ്ടോട്ടി കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ സംഘത്തലവനടക്കം രണ്ടു പേർ ആണ് പിടിയിലായത്. സംഘത്തലവൻ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കുണ്ടുകാടൻ ഫായിസ് (28) എന്ന കൂമൻ ഫായിസ് , കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടു പറമ്പ് മുഹമ്മദ് അർഷാദ് നബീൽ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധന: ഇന്ന് അറസ്റ്റിലായത് 2507 പേർ
നെടിയിരിപ്പ് കോളനി റോഡ് പരിസരത്ത് വച്ച് ബൈക്കിൽ സഞ്ചരിച്ച് മയക്കു മരുന്ന് വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും കാൽ ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയും 1 ലക്ഷത്തോളം വിലവരുന്ന കഞ്ചാവും ഇലക്ട്രോണിക്ക് ത്രാസും പിടിച്ചെടുത്തു.
ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
നിരോധിത രാസ ലഹരി വസ്തുവയ എംഡിഎംഎയുമായി മലപ്പുറം നിലമ്പൂർ നാടുകാണി ചുരത്തിലാണ് രണ്ടു പേർ അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ അംഗങ്ങളായ കരുളായി സ്വദേശികളായ കാരക്കാടൻ ഷറഫുദ്ദീൻ എന്ന കുള്ളൻ ഷർഫു,(35) കൊളപ്പറ്റ റംസാൻ ( 43) എന്നിവരെ വഴിക്കടവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 17 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയിൽ അര ലക്ഷം രൂപയോളം വില വരും. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post Your Comments