ടെഹ്‌റാന്‍: ഇറാന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ വിമര്‍ശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹിക്ക് ജാമ്യം അനുവദിച്ചു. ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാര സമരം തുടര്‍ന്നതോടെയാണ് പനാഹിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം നിരാഹാര സമരം തുടരുന്ന ഭരണകൂട വിമര്‍ശകനായ ഡോക്ടര്‍ ഫര്‍ഹാദ് മെയ്സമിക്ക് ഇനിയും ജാമ്യം ലഭിച്ചില്ല.
ആഴ്ചകളായി നിരാഹാരം കിടക്കുന്ന ഫര്‍ഹാദ് മെയ്സമിയുടെ എല്ലും തോലുമായ രൂപം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇന്നലെ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
സര്‍ക്കാരിനെ വിമര്‍ശിച്ച മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണു പനാഹിയെ ജയിലില്‍ അടച്ചത്. ആരോഗ്യത്തില്‍ കുഴപ്പമില്ലെന്നും പനാഹി (62) തിരികെ വീട്ടിലെത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഭരണകൂട വിമര്‍ശകനായ ജാഫര്‍ പനാഹിക്ക് രാജ്യം വിടുന്നതിനും സിനിമയെടുക്കുന്നതിനും വിലക്കുണ്ട്. രഹസ്യമായി സംവിധാനം ചെയ്ത സിനിമകള്‍ ഏറെയും കാന്‍, ബര്‍ലിന്‍ മേളകളില്‍ പ്രമുഖ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
ജയില്‍ശിക്ഷ അനുഭവിക്കുന്ന ഫര്‍ഹാദ് മെയ്സമി (53) ആഴ്ചകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ വധശിക്ഷയും സ്ത്രീകള്‍ക്കുള്ള ശിരോവസ്ത്ര നിബന്ധനയും പിന്‍വലിക്കുന്നതുള്‍പ്പെടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്.
Post Your Comments