ചെന്നൈ: മലയാളികളുടെ നിത്യഹരിത ഗായിക വാണി ജയറാം (78) ഇനി ഓര്‍മ. ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോ-ജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്‌സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.
പ്രഫഷണല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്‌നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയരാമന്‍ ആയിരുന്നു. 2017ല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ’ എന്ന പാട്ടില്‍ മലയാളികള്‍ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുന്‍പു വാണി മലയാളത്തില്‍ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു. അതിനും ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍’, 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി.
വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാന്‍ എന്തുതാമസം, മഞ്ചാടിക്കുന്നില്‍, ഒന്നാനാംകുന്നിന്മേല്‍, നാടന്‍ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാള്‍, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍, ഏതോ ജന്മ കല്‍പനയില്‍, പത്മതീര്‍ഥ കരയില്‍, കിളിയേ കിളി കിളിയേ, എന്റെ കൈയില്‍ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങള്‍ വാണിയുടെ ശബ്ദം അനശ്വരമാക്കി.
Post Your Comments