
ഓഹരി വിപണിയിൽ തുടരെത്തുടരെ തിരിച്ചടികൾ നേരിടുന്ന അദാനി ഗ്രൂപ്പിന് നേരെ വീണ്ടും ആഘാതം. റിപ്പോർട്ടുകൾ പ്രകാരം, അദാനി എന്റർപ്രൈസസ് ഓഹരികൾ ഡൗ ജോൺസ് സുസ്ഥിരതാ സൂചികകളിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. എസ് ആൻഡ് പി ഡൗ ജോൺസാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനം അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതാണ്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് സെസ്, അംബുജ സിമന്റ്സ് എന്നീ മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ മേലുള്ള നിരീക്ഷണം ശക്തമാക്കാൻ എൻഎസ്ഇ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡൗ ജോൺസിന്റെ തീരുമാനവും ശ്രദ്ധേയമായത്. സ്റ്റോക്ക് കൃത്രിമം, അക്കൗണ്ട് തട്ടിപ്പ് എന്നിവയാണ് അദാനി ഗ്രൂപ്പിൽ നേരെ ആരോപിക്കപ്പെട്ട പ്രധാന വിഷയങ്ങൾ.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതിനിടയിൽ തുടർ ഓഹരി വിൽപ്പന പകുതി വഴിയിൽ റദ്ദ് ചെയ്തത് നഷ്ടത്തിന്റെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമായി.
Post Your Comments