ദുബായ്: സമാധാനവും സുസ്ഥിരതയും നേടാനുള്ള മാർഗം അഹിംസയാണെന്ന് ഗാന്ധിജി പഠിപ്പിച്ചതായി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചു. മഹാത്മാവ് കാട്ടിത്തന്ന അഹിംസയുടെ ശക്തിയെ ഇന്ന് നാം ആദരവോടെ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ ഉറ്റ ചങ്ങാതി എന്നു വിളിക്കാൻ യുഎഇ ആഗ്രഹിക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ളത് പഴക്കമുള്ള ആഴമേറിയ ബന്ധമാണ്. യുഎഇയിലെ ഇന്ത്യൻ സമൂഹത്തോടും എംബസിയോടും കോൺസുലേറ്റിനോടും കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിജിയുടെ ആശയങ്ങളെ ഉൾക്കൊള്ളുകയും നടപ്പാക്കുകയും ചെയ്ത നേതാവായിരുന്നു യുഎഇയുടെ രാഷ്ട്രപിതാവെന്നും യുഎഇ മന്ത്രി പറഞ്ഞു.
അതേസമയം, അച്ചടക്കമുള്ള, സംസ്‌കാര സമ്പന്നമായ രാഷ്ട്രങ്ങളായി ഇന്ത്യയും യുഎഇയും മാറിയതിന് രാഷ്ട്ര പിതാക്കന്മാരായ മഹാത്മാ ഗാന്ധിയോടും ശൈഖ് സായിദിനോടും നാം കടപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ വ്യക്തമാക്കി. ഗാന്ധിജിയും ശൈഖ് സായിദും കൊണ്ടുവന്ന മാറ്റത്തിന്റെ പ്രകമ്പനങ്ങൾ അവരുടെ ജീവിത കാലത്തിനപ്പുറവും മുഴങ്ങി കൊണ്ടേയിരിക്കുന്നു.
Post Your Comments