തിരുവനന്തപുരം: ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ കേരളം ഉണ്ടാക്കിയ മുൻകൈ പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളിൽ പോകുന്ന സംസ്ഥാനമാണ് കേരളം. പഠനപാതയിലെ കൊഴിഞ്ഞു പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെ. കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം രാജ്യത്തിനാകെ തന്നെ മാതൃകയാണ്. പല സ്‌കൂളുകളിലും പ്രഭാത ഭക്ഷണവും കുട്ടികൾക്ക് നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കളിചിരിയും കൂട്ടുകൂടലുമൊക്കെ കുട്ടികളുടെ സഹജ സ്വഭാവം ആണ്. അത് പ്രോത്സാഹിപ്പിക്കപ്പെടണം. ഒപ്പം തന്നെ മികച്ച ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കുട്ടികൾക്ക് അർഹതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments