ജമ്മു: കേന്ദ്ര സര്‍ക്കാരിനും ആര്‍.എസ്.എസിനുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെ വിമര്‍ശിച്ച് ബി. ജെ.പി. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണെന്ന് സമ്മതിക്കാന്‍ ബി.ജെ.പി ഗാന്ധിയോട് ആവശ്യപ്പെട്ടു.
ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയത് മോദിയുടെ നിര്‍ണായക നേതൃത്വമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതിലൂടെ താഴ്‌വരയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കിയ മോദിക്കാണ് രാഹുൽ ദേശീയ പതാക ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് നല്‍കേണ്ടതെന്ന് ജമ്മു-കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പറഞ്ഞു.
രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്‍ത്രത്തിനെതിരെ പോരാടാന്‍ അവര്‍ ഒരുമിച്ചുനില്‍ക്കുമെന്ന് രാഹുൽ അവകാശപ്പെട്ടിരുന്നു. 134 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കുനിന്ന് വടക്കുവരെ മാത്രമായിരിക്കാം ഭാരത് ജോഡോ യാത്ര സഞ്ചരിച്ചിട്ടുണ്ടാകുക, എന്നാല്‍, അതിന്റെ സ്വാധീനം രാജ്യവ്യാപകമാണ്. ബി.ജെ.പി. രാജ്യത്തെ ഭരണഘടനപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയാണ്. ഇതിന്റെ അനന്തരഫലം ജമ്മു-കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നമ്മള്‍ കണ്ടു കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Post Your Comments