Latest NewsNewsInternational

ഇറാനിൽ വധശിക്ഷ കാത്ത് കിടക്കുന്നത് 107 പേർ

മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി ഇറാൻ ഭരണകൂടം. വെറും 26 ദിവസത്തിനുള്ളിൽ ഇറാനിലെ അധികാരികൾ നടപ്പിലാക്കിയത് 55 പേരുടെ വധശിക്ഷയാണ്. 107 പേർ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കിടക്കുകയാണ്. നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യുമൻ റൈറ്റ്സാണ് (IHR) ഈ വിവരം പുറത്ത് വിട്ടത്. അതിൽ സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചവരും ഉൾപ്പെടുന്നു.

രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്നും IHR പറഞ്ഞു. 18 വയസുള്ള യുവാവടക്കം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടങ്കലിൽ കഴിയുന്നുണ്ട്. ഇത്തരക്കാർക്ക് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വരുന്നത്. ഈ വർഷം തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 55 പേരുടെ വധശിക്ഷയാണ് ഇറാൻ നടപ്പിലാക്കിയത് എന്ന് ഐഎച്ച്ആർ പറയുന്നു.

മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് എതിർപ്പ് രേഖപ്പെടുത്തിയവരിൽ നാലുപേരെ ഇതിനോടകം വധശിക്ഷയ്ക്ക് വിധേയരാക്കി കഴിഞ്ഞു. ബാക്കിയധികവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയിരിക്കുന്നത്. 107 പേരെങ്കിലും അടുത്ത് തന്നെ വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുള്ളവരായി ഉണ്ട് എന്നും പുറത്ത് വരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു.

നിരന്തരം വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇറാൻ ശ്രമിക്കുന്നത് രാജ്യത്ത് സാമൂഹികമായ ഭയവും ഭീകരതയും സൃഷ്ടിക്കാനാണ് എന്നും ഐഎച്ച്ആർ കുറ്റപ്പെടുത്തി. രാഷ്ട്രീയപരമായാലും അല്ലെങ്കിലും ഇത്തരം വധശിക്ഷകൾ അം​ഗീകരിക്കാനാവില്ല എന്നും നിരന്തരമുള്ള ഈ വധശിക്ഷ നടപ്പിലാക്കൽ അവസാനിപ്പിക്കണം എന്നും IHR ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button