തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ ഗുരുതരപിഴവ് പുറത്തുവന്നതോടെ ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിലെ അപാകതയും ചര്‍ച്ചയാകുന്നു. കോപ്പിയടി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയിലെ ഒരു മുന്‍ പി.വി.സി.യുടെ പ്രബന്ധത്തിന്റെ മുഖ്യഭാഗവും കോപ്പിയടിയാണെന്ന് തെളിഞ്ഞിട്ടും തുടര്‍നടപടികള്‍ ഭരണസ്വാധീനത്തില്‍ സ്തംഭിച്ചിരുന്നു.
പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിന് 12 പേരുടെ പാനലാണ് ഗൈഡ് നിര്‍ദേശിക്കേണ്ടത്. ഇതില്‍ രണ്ടുപേര്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരാകണം. രണ്ടുപേര്‍ സംസ്ഥാനത്തുനിന്നുള്ളവരും. എന്നാല്‍, ബന്ധപ്പെട്ട സര്‍വകലാശാലയുമായി ബന്ധമുള്ളവരുമായിരിക്കരുത്. മറ്റ് എട്ടുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാകണം. ഇവരില്‍ മൂന്നുപേര്‍ക്കാണ് മൂല്യനിര്‍ണയത്തിന് പ്രബന്ധം അയക്കേണ്ടത്. വി.സി.യാണ് മൂല്യനിര്‍ണയം നടത്തേണ്ടവരെ തിരഞ്ഞെടുക്കുക. ഇത് രഹസ്യമായിരിക്കണം.
സ്വാധീനമുള്ളവരുടെ താത്പര്യപ്രകാരമാണ് മൂല്യനിര്‍ണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചിന്താ ജെറോമിന്റെ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയവരില്‍ ഒരാള്‍ ഗൈഡ് തന്നെയായിരുന്നുവെന്നാണ് ആരോപണം. മുമ്പ് മൂല്യനിര്‍ണയത്തിന് അയക്കുന്ന പല പ്രബന്ധങ്ങളും നിലവാരക്കുറവിന്റെപേരില്‍ തിരിച്ചുവരുമായിരുന്നു. ഇപ്പോള്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നേയില്ല. ഗവേഷണ വിഷയത്തില്‍ അറിവുണ്ടോയെന്ന് പരിശോധിക്കുന്ന ഓപ്പണ്‍ ഡിഫന്‍സും പലപ്പോഴും വഴിപാടാകുന്നു.
നേരത്തേ ആറു വര്‍ഷത്തിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയാലേ പിഎച്ച്.ഡി. ലഭിക്കൂ. ഇപ്പോള്‍ പിഴയായി 50,000 രൂപ അടച്ചാല്‍ വര്‍ഷമെത്ര കഴിഞ്ഞാലും പ്രബന്ധം സമര്‍പ്പിക്കാം. പ്രബന്ധത്തിലെ തെറ്റിന്റെപേരില്‍ ഗവേഷണബിരുദം പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രബന്ധത്തില്‍ കോപ്പിയടി കണ്ടെത്തിയാലേ ബിരുദം പിന്‍വലിക്കാനാവൂ.
ചങ്ങമ്പുഴയുടെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് ചിന്താ ജെറോം ഗവേഷണപ്രബന്ധത്തില്‍ എഴുതിയത് വിവാദമായിരുന്നു. ഡോക്ടറേറ്റ് പിന്‍വലിക്കണമെന്നാണ് ഇതുസംബന്ധിച്ച് പരാതിനല്‍കിയ സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ന്‍ കമ്മിറ്റി ആവശ്യപ്പെട്ടത്.
Post Your Comments