തിരൂര്‍: പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ ജബ്ബാറാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2014-ല്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്സിലെ പ്രതിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയ്ക്കല്‍ പോലീസ് പ്രതിയെ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയില്‍ ഹാജരാക്കി. ഇയാൾ കുറ്റം ചെയ്‌തെന്ന് കോടതിക്ക് വ്യക്തമായതോടെ, 18 വര്‍ഷം കഠിനതടവിനും 65,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 20 മാസം കഠിനതടവും അനുവദിക്കണം.
കോടതി വിധി കേട്ടതും ഇയാൾ പുറത്തേക്കോടി, ഒന്നാം നില കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. താഴെ വീണ് പരിക്കേറ്റ പ്രതി രക്ഷപ്പെടാനും ശ്രമം നടത്തി. കോടതിവളപ്പിലുണ്ടായിരുന്നവര്‍ പിടിച്ചുവെച്ചെങ്കിലും അവരെ തട്ടിമാറ്റി തൊട്ടടുത്ത പഴയ സബ്രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ചുമരില്‍ തലയടിച്ച് പ്രതി അസ്വസ്ഥത പ്രകടമാക്കി. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments