കണ്ണൂർ: ജില്ലയിൽ നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്. 55 ശതമാനം വരെ സബ്സിഡി നല്കുന്ന പുതിയ പദ്ധതിയാണ് കൃഷിവകുപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാന ഹോർട്ടികൾചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ജില്ലയിൽ പ്രിസിഷന് ഫാമിങ് വ്യാപിപ്പിക്കുക എന്നതാണ് കൃഷിവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
ഈ വർഷം 90 ഹെക്ടറിൽ നേന്ത്രവാഴയും 90 ഹെക്ടറിൽ പച്ചക്കറിയും കൃഷി ചെയ്യുന്നതിനാണ് സബ്സിഡി അനുവദിക്കുക. കുറഞ്ഞത് 10 സെന്റിലെങ്കിലും കൃഷി ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നേന്ത്രവാഴ കൃഷിക്ക് ഒരു കർഷകന് 4 ഹെക്ടർ വരെയും പച്ചക്കറി കൃഷിക്ക് ഒരു കർഷകന് 2 ഹെക്ടർ വരെയും സബ്സിഡി ആനുകൂല്യം അനുവദിക്കും. നേന്ത്രവാഴ കൃഷിക്ക് ഹെക്ടറിന് 96,000 രൂപ വരെ ലഭിക്കും. കൃഷി ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 35,000 രൂപയും വളപ്രയോഗത്തിനുള്ള ഫെർട്ടിഗേഷൻ യൂണിറ്റ് സ്ഥാപിക്കാൻ ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 45,000 രൂപയും പ്ലാസ്റ്റിക് പുതയിടാൻ ചെലവിന്റെ 50% പരമാവധി ഹെക്ടറിന് 16,000 രൂപയും സബ്സിഡി അനുവദിക്കും.
പച്ചക്കറി കൃഷിക്കായി ഹെക്ടറിന് 91,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. ഇതിൽ കൃഷി ചെലവിന്റെ 40% തുകയായി പരമാവധി 20,000 രൂപയും ഹെർട്ടിഗേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് 55% തുകയായി പരമാവധി ഹെക്ടറിന് 55,000 രൂപയും പ്ലാസ്റ്റിക് പുതയിടലിന് ചെലവിന്റെ 50% തുകയായി ഹെക്ടറിന് 16000 രൂപയും ഉൾപ്പെടുന്നു. കൃത്യതാ കൃഷിയിൽ താൽപര്യമുള്ള കർഷകർക്കായി ജില്ലാതലത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുക. താൽപര്യമുള്ള കർഷകർ 31ന് മുൻപ് അതത് കൃഷി ഭവനുകളിൽ പേരു നൽകണം.
Post Your Comments