പാറ്റ്ന: മത്സരത്തിനിടെ എതിരാളിയുടെ മർദ്ദനമേറ്റ് ഗുസ്തി താരം മരിച്ചു. ബിഹാറിലാണ് സംഭവം. പട്ന സ്വദേശി ത്രിപുരാരി കുമാർ എന്ന ശിവം കുമാറാണ് മരണപ്പെട്ടത്. ലഖിസരായി ജില്ലയിലെ ഹുസൈന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഹുസൈന സ്വദേശി പവൻ യാദവും കുമാറും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു മരണം സംഭവിച്ചത്. ബസന്ത് പഞ്ചമിയോട് അനുബന്ധിച്ചാണ് ഗ്രാമത്തിൽ ഗുസ്തി മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിനിടെ പവൻ യാദവിന്റെ ഇടിയേറ്റ് ത്രിപുരാരി താഴെ വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ത്രിപുരാരിയുടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ സംഘർഷം നടന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മത്സരത്തിന്റെ സംഘാടകരും റഫറിയും ഒളിവിൽ പ്രവേശിച്ചു. ത്രിപുരാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments