കൊച്ചി: സാന്ത്വനം എജ്യൂക്കേഷണല്‍ ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വനം മംഗല്ല്യോത്സവത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ കൊച്ചിയില്‍ നിര്‍വഹിച്ചു. മെയ് 28 ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെണ്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന സമൂഹവിവാഹത്തില്‍ നിര്‍ദ്ധനരായ 51 യുവതികളുടെ വിവാഹമാണ് സാന്ത്വനം ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നത്.
ഓരോ വധുവിനും അഞ്ച് പവനും വധൂവരന്‍മാരുടെ വിവാഹവസ്ത്രവും പതിനായിരം പേരുടെ സ്‌നേഹവിരുന്നുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വധുവിന്റെ വീട്ടുകാരുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള വിശദമായ വിവരങ്ങളും വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും വരന്റെ സമ്മതപത്രവും ഉള്‍പ്പെടെയുള്ള രേഖകളുമായി മംഗല്ല്യോത്സവത്തിലേക്ക് കേരളത്തിന്റെ ഏത് കോണില്‍ നിന്നും വധുവിന്റെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ റിന്‍ഷാദ് കെ അറിയിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 28 ആണ്. വിശദവിവരങ്ങള്‍ക്ക് 18008899145, 8714636659 നമ്പറിലോ, കലൂര്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ തോപ്പില്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലോ ബന്ധപ്പെടാം. പ്രഖ്യാപന ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ഏലിയാസ് രാജു, വൈസ് ചെയര്‍മാന്‍ രാഗേഷ് സിആര്‍, ട്രഷറര്‍ ദിപിന്‍ കെ മോഹന്‍, ജോയിന്റ് സെക്രട്ടറി ശങ്കരനാരായണന്‍, ട്രസ്റ്റ് അംഗം രാഹൂല്‍ പിആര്‍, രജനീഷ് ശിവദാസൻ, ദീപ ശ്രീധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments