തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻ മുന്നേറ്റം. 20 മാസം കൊണ്ട് കേരളത്തിൽ ആരംഭിച്ചത് 1.4 ലക്ഷം സംരംഭങ്ങളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. എൽഡിഎഫ് പ്രകടന പത്രികയിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്ന ഒരു കാര്യം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെക്കുറിച്ചാണ്. 2021 ൽ 1.4 ലക്ഷം എംഎസ്എംഇകൾ ഉള്ളത് 5 വർഷം കൊണ്ട് 3 ലക്ഷമാക്കി മാറ്റുമെന്ന ഉറപ്പ് ഇടതുപക്ഷം ജനങ്ങൾക്ക് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിവർഷം ശരാശരി 10,000 സംരംഭങ്ങൾ മാത്രമാരംഭിച്ചിരുന്ന ഈ കേരളത്തിൽ 5 വർഷം കൊണ്ട് 1.6 ലക്ഷം സംരംഭങ്ങൾ ആരംഭിക്കുമെന്ന ഇടതുപക്ഷ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിമാത്രമാണെന്ന് തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ എതിരാളികൾ പറഞ്ഞു. ഇന്ന്, ഈ നിമിഷം തങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയിലുൾപ്പെടെ രണ്ട് വർഷം പൂർത്തിയാകാൻ 4 മാസം അവശേഷിക്കവെ 1.4 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നു. ജനങ്ങൾക്കാണ് വാക്ക് നൽകുന്നത് എന്ന ബോധ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഇടതുപക്ഷമാണ് വാക്ക് നൽകുന്നതെന്ന ബോധ്യം ജനങ്ങൾക്കും ഉള്ളതുകൊണ്ടാണ് തങ്ങൾ തുടർച്ചയായി രണ്ടാമതും അധികാരത്തിലേറിയത്. അതുകൊണ്ട് തന്നെ വാക്ക് പറഞ്ഞതിനേക്കാൾ സംരംഭങ്ങൾ ആരംഭിച്ച്, തൊഴിലവസരങ്ങൾ ലഭ്യമാക്കിയായിരിക്കും ഈ സർക്കാർ 5 വർഷം പൂർത്തിയാക്കുകയെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.
Post Your Comments